*ഞാൻ അമ്മയെ കൊന്നു’; ഒരുതരി കുറ്റബോധമില്ലാതെ ക്രിസ്റ്റി, കണിച്ചാറിനെ നടുക്കിയ അരുംകൊല*
കണ്ണൂർ : നാടിനെയൊട്ടാകെ നടുക്കുന്ന വാർത്തയുമായാണ് ശനിയാഴ്ച രാവിലെ കണിച്ചാർ കണ്ണ് തുറന്നത്. കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (55) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്‌തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവെച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. കത്തികൊണ്ട് കഴുത്തിലേറ്റ മാരകമുറിവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. ബെംഗളൂരുവിൽ ബി.സി.എ. വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയശേഷം കുറച്ചുകാലം വിദേശത്തുമായിരുന്നു. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.
കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിതാവിനെയും വകവരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ പ്രതിയെ കേളകം പോലീസ് സ്റ്റേഷനിൽ പേരാവൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. തുടർന്ന് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധന നടത്തി. കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കൂത്തുപറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു. പേരാവൂർ ഡിവൈ.എസ്.പി. ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൊലപാതകം നടത്തിയശേഷം ക്രിസ്റ്റി സ്വയം സഹോദരിയെയും അമ്മയുടെ സഹോദരനെയും വിളിച്ച് താൻ അമ്മയെ കൊന്നുവെന്ന് പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങാൻ പോയ പ്രതി കൊലപാതകം ചെയ്യാൻ ഉപയോഗിച്ച കത്തിയും കൈയിൽ കരുതി. ശനിയാഴ്ച രാവിലെ മുതൽ വൈകിട്ടുവരെ നീണ്ടുനിന്ന പോലീസ് നടപടികളിൽ ക്രിസ്റ്റി അസാമാന്യമായ മനോധൈര്യം പ്രകടിപ്പിച്ചിരുന്നു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയെന്നതിൽ ഒരുതരി കുറ്റബോധംപോലും ക്രിസ്റ്റിയിൽ പ്രകടമായില്ല. മുൻപ് തീരുമാനിച്ചുറപ്പിച്ച കൃത്യം നടപ്പാക്കിയ നിലയിലാണ് വൈദ്യപരിശോധനാ സമയത്തും തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്തും ക്രിസ്റ്റിയെ കാണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ വീട്ടിൽനിന്ന് വലിയ ശബ്ദംകേട്ടതിനെത്തുടർന്നാണ് സമീപവാസിയായ കെ.വി.നിപുൺ സമീപവാസിയായ ദിലീപിനെയും കൂട്ടി തങ്കച്ചന്റെ വീട്ടിലേക്ക് എത്തിയത്. അപ്പോൾ കാണുന്ന രംഗം ക്രിസ്റ്റി തന്റെ അമ്മയുടെ സഹോദരനെ മർദിക്കുന്നതായിരുന്നു. ഇതിന്റെ ഇടയിൽ "എന്റെ ജീവിതം തകർത്തത് ഇവരാണ്. ഇവർക്കെന്നെ ഉപദേശിക്കാൻ അവകാശമില്ല" എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നുവെന്ന് നിപുൺ പറയുന്നു. തുടർന്ന് നിപുണിന്റെ ബൈക്കിൽ കയറിയാണ് ക്രിസ്റ്റി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ക്രിസ്റ്റിയെ അധികം നാട്ടിൽ കാണാറില്ല. വരുമ്പോഴെല്ലാം പൈസ ആവശ്യപ്പെട്ട് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്നും സമീവാസിയായ നിപുൺ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments