Breaking News

*"രാജ്യത്ത്‌ വൈദ്യുതിക്ഷാമം രൂക്ഷം; ഉത്തരേന്ത്യ 
ഇരുട്ടിൽ*

ന്യൂഡൽഹി : പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്‌ടിച്ച ഉ‍ൗർജപ്രതിസന്ധിക്കൊപ്പം വേനൽച്ചൂട്‌ കനത്തതോടെ രാജ്യമെങ്ങും വൈദ്യുതിക്ഷാമം രൂക്ഷം. രാജസ്ഥാൻ, പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മണിക്കൂറുകൾ നീളുന്ന അപ്രഖ്യാപിത പവർകട്ട്‌ ജനജീവിതം ദുസ്സഹമാക്കി. ഉ‍ൗർജ പ്രതിസന്ധി പരിഹരിക്കുന്നതിലും വേനൽക്കാലത്തെ റെക്കോഡ്‌ ഉപയോഗം മുന്നിൽക്കണ്ട്‌ ഉ‍ൗർജോൽപ്പാദനം വർധിപ്പിക്കുന്നതിലും കേന്ദ്രസർക്കാരിനുണ്ടായ ഗുരുതര വീഴ്‌ചയാണ്‌ രാജ്യത്തെ വൈദ്യുതി ക്ഷാമത്തിലേക്ക്‌ തള്ളിവിട്ടത്‌. രാജസ്ഥാനിലും പഞ്ചാബിലും മറ്റും വൈദ്യുതിക്ഷാമം കൃഷിയെയും വ്യവസായത്തെയും ബാധിച്ചുതുടങ്ങി. പലയിടത്തും ജലസേചനം മുടങ്ങി.

രാജ്യത്തെ പരമാവധി പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞയാഴ്‌ച 256.11 ഗിഗാവാട്ട്‌ എന്ന റെക്കോഡിലെത്തി. ഇത് പരമാവധി 270 ഗിഗാവാട്ട്‌ വരെയായേക്കും. ഉപയോഗം പരമാവധിയിലെത്തുന്ന ഘട്ടത്തിൽ രാജ്യത്ത്‌ നാല്‌ ഗിഗാവാട്ടിന്റെ കുറവുണ്ട്‌. സ‍ൗരോർജ നിലയങ്ങളിൽ ഉൽപ്പാദനം നിലയ്‌ക്കുന്ന വൈകുന്നേരങ്ങളിലും രാത്രിയിലുമാണ്‌ കടുത്ത ഉ‍ൗർജക്ഷാമമുണ്ടാകുന്നത്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ പ്രകൃതിവാതക ലഭ്യത ഇടിഞ്ഞതോടെ വാതകാധിഷ്‌ഠിത താപനിലയങ്ങൾ പലതും പ്രവർത്തനരഹിതമാണ്."

"എസിയുടെയും ഇൻഡക്-ഷൻ കുക്കറിന്റെയും ഉപയോഗത്തിലുണ്ടായ കുതിച്ചുചാട്ടവും ക്ഷാമം രൂക്ഷമാക്കി. പകൽ താപനില 45 ഡിഗ്രി കടന്ന രാജസ്ഥാനിൽ കടുത്ത വൈദ്യുതി ക്ഷാമമാണ്. ബിക്കാനീർ, ജോധ്‌പുർ, ജയ്‌സാൽമീർ മേഖലകളിൽ രാത്രി പൂർണമായും വൈദ്യുതില്ലാത്ത സ്ഥിതി. മണിക്കൂറുകൾ നീളുന്ന പവർകട്ടിൽ പ്രതിഷേധിച്ച്‌ ജയ്‌സാൽമീറിലും മറ്റും ജനങ്ങൾ തെരുവിലിറങ്ങി. പഞ്ചാബിൽ 10 മണിക്കൂർ വരെയാണ്‌ അപ്രഖ്യാപിത കട്ട്‌. അമൃത്‌സറിലും പട്യാലയിലും ലുധിയാനയിലും പ്രതിസന്ധി രൂക്ഷമായി.

രാജ്യതലസ്ഥാനമായ ഡൽഹിയിലും പ്രതിസന്ധി രൂക്ഷം. പകൽ സമയങ്ങളിലും വൈകുന്നേരങ്ങളിലും അപ്രഖ്യാപിത പവർകട്ട്‌ പലയിടത്തും പതിവായി. ഐടി നഗരമായ ബംഗളൂരു ഉൾപ്പെടെ കർണാടകത്തിലെ പല പ്രദേശങ്ങളും തെലങ്കാനയും ആന്ധ്രപ്രദേശും വൈദ്യുതിക്ഷാമത്തിന്റെ പിടയിലാണ്‌. യുപിയിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും ലഖ്‌ന‍ൗ, നോയ്‌ഡ, ഗാസിയാബാദ്‌ എന്നിവിടങ്ങളിലും മണിക്കൂറുകൾ വൈദ്യുതിയില്ലാത്ത നിലയിലാണ്‌

*ഉഷ്‌ണതരംഗം: വലഞ്ഞ്‌ ജനം*

ന്യ‍ൂഡൽഹി: ഉഷ്‌ണതരംഗ സാഹചര്യം തുടരുന്ന ഉത്തരേന്ത്യയിൽ കൊടുംചൂടിൽ വലഞ്ഞ്‌ ജനം. യുപി, ബിഹാർ, രാജസ്ഥാൻ മഹാരാഷ്‌ട്ര, ഡൽഹി, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്‌, ഹരിയാന, പഞ്ചാബ്‌, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഉഷ്‌ണതരംഗത്തിന്റെ പിടിയിലാണ്‌. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഭ‍‍‍‍ൂരിഭാഗം പ്രദേശങ്ങളിലും താപനില 40 മുതൽ 46 ഡിഗ്രി സെൽഷ്യസ്‌ വരെയായെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. യുപിയിലെ ബന്ദയിലാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ രേഖപ്പെടുത്തിയത്‌, 47.6 ഡിഗ്രി.

"ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ്‌ മഴസാധ്യത പ്രവചിക്കുന്നുണ്ട്‌. ഉഷ്‌ണതരംഗ സാഹചര്യത്തിൽ സ്‌കൂ‍ളുകൾ സുരക്ഷാ മുൻകരുതൽ എടുക്കണമെന്നും വകുപ്പ്‌ അറിയിച്ചു. ലോകത്ത്‌ ഏറ്റവും കൂ‍ടുതൽ ചൂട്‌ അനുഭവപ്പെടുന്ന നഗരങ്ങളുടെ ‘എക്യുഐ.ഇൻ’ പട്ടികയിൽ ചൊവ്വാഴ്‌ചയും ഇന്ത്യൻ നഗരങ്ങളാണ്‌ ആദ്യസ്ഥാനത്ത്‌.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments