Breaking News

*നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന് വിലയിരുത്തൽ*

സമ്മതിദാന അവകാശം എന്നത് ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ശക്തമായ ആയുധമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ നാടിന്‍റെ വികസനത്തിലും ഭരണത്തിലും പങ്കാളികളാകാനുള്ള ഏറ്റവും വലിയ മാർഗമാണ് ‘പ്രവാസി വോട്ട്’.

നിലവിലെ നിയമപ്രകാരം, തിരഞ്ഞെടുപ്പ് ദിവസം പ്രവാസി വോട്ടർ തന്‍റെ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ അതിന് വലിയൊരു ചോദ്യ ചിഹ്നവുമായാണ് ഇത്തവണത്തെ വോട്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് വിദൂര വോട്ടിങ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവരാകും അധികവും.

പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പ്രാവാസികൾക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ വിദൂര വോട്ടിങ് സംവിധാനം പ്രാധാന്യമർഹിക്കുന്നുണ്ട്.

*പ്രവാസി വോട്ടുകളുടെ പങ്ക്:*

ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഗൾഫ് നാടുകളിലെ മലയാളികളെ തേടി രാഷ്ട്രീയ പാർട്ടിക്കാരെത്താറുണ്ട്. തങ്ങളുടെ മണ്ഡലത്തിലെ വിജയ-പരാജയ സാധ്യത അളക്കുന്നതിൽ പ്രവാസി വോട്ടുകൾക്ക് പ്രധാന പങ്കുണ്ടെന്നതാണ് പ്രധാന കാരണം. വോട്ടർമാരെ വിമാനം ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചകളായിരുന്നു.

എന്നാൽ ഇത്തവണ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഈ ആവേശത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. പല രാജ്യങ്ങളുടെയും വ്യോമ പാതകൾ അടഞ്ഞു കിടക്കുന്നതും കുതിച്ചുയരുന്ന വിമാനനിരക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള ജില്ല കോഴിക്കോട് ആണ്. 60,258 പ്രവാസി വോട്ടുകളാണ് കോഴിക്കോട് ജില്ലയിൽ മാത്രമുള്ളത്. 58,279 പ്രവാസി വോട്ടർമാരുമായി കണ്ണൂർ ജില്ലയാണ് രണ്ടാമത്. നേരത്തെ മലപ്പുറം ജില്ലയായിരുന്നു പലപ്പോഴും മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 41,962 പ്രവാസി വോട്ടർമാരാണ് മൂന്നാമതുള്ള മലപ്പുറത്തുള്ളത്.

ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ള ജില്ല ഇടുക്കി (791 പേർ)യാണ്. കേരളത്തിൽ ആകെ 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും പുരുഷമാരാണ്. മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇതിൽ പകുതിയിലധികം പ്രവാസികൾക്കും വോട്ട് ചെയ്യാൻ ഇത്തവണ സാധ്യമാകില്ല എന്നതാണ് വസ്തുത.

*എന്താണ് മറു മാർഗങ്ങൾ:*

നേരിട്ടെത്തി വോട്ട് ചെയ്യുക എന്നത് പ്രവാസികൾക്ക് സാമ്പത്തികമായും പ്രായോഗികമായും വലിയ ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് പ്രവാസികൾക്കിട‍യിൽ ചർച്ച ചെയ്യപ്പെടുന്നത്.

അതിലൊന്ന് പ്രോക്സി വോട്ട് ആണ്. വോട്ടർക്ക് പകരം നാട്ടിലുള്ള വിശ്വസ്തനായ ഒരാളെ വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്ന രീതിയാണിത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനം ശക്തമാണ്. ഇ-പോസ്റ്റൽ ബാലറ്റ് ആണ് രണ്ടാമത്തേത്. വോട്ടർക്ക് ഇന്‍റർനെറ്റ് വഴി ബാലറ്റ് പേപ്പർ ലഭിക്കുകയും, അത് ഡൗൺലോഡ് ചെയ്ത് രേഖപ്പെടുത്തി തപാൽ വഴി അയക്കുകയും ചെയ്യുന്ന രീതി. ഇത് പ്രവാസികൾക്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇ-ബാലറ്റ് സൗകര്യം ഒരുക്കുന്നത് സാങ്കേതികമായി വലിയ വെല്ലുവിളിയാണെന്നും വിലയിരുത്തുന്നുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെടുമോ എന്ന ആശങ്കയും ബാലറ്റുകൾ തപാൽ വഴി കൃത്യസമയത്ത് എത്തുമോ എന്ന സംശയവും നിലനിൽക്കുന്നു.

മറ്റൊരു മാർഗം അതാത് രാജ്യങ്ങളിൽ നിന്ന് തന്നെ പ്രവാസികൾക്ക് വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാർക്കും, ബംഗ്ലാദേശ്, ഫിലിപ്പിൻസ് പോലുള്ള രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സംവിധാനമുണ്ട്. അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാർക്ക് അങ്ങനെയൊരു സംവിധാനമില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതാവും ഏറ്റവും ഉചിതമായ മാർഗമെന്നാണ് അധിക പേരും വിലയിരുത്തുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments