*ഹോര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി തുറന്നിരിക്കും; ഇറാന്റെ ഉറപ്പ്, ഇന്ത്യയ്ക്ക് ആശ്വാസം*
ന്യൂഡൽഹി : യുഎസ് ഉപരോധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത ഉറപ്പുനൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നിരിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞതായി റിപ്പോർട്ട് .
പേർഷ്യൻ ഗൾഫിൽ അമേരിക്കൻ ഉപരോധം ശക്തമാകുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന് ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി ഉറപ്പുനൽകി. ഇറാൻ സൗഹൃദ രാജ്യങ്ങളായി കണക്കാക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇരു സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ നീക്കിയതിനുശേഷം ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനിടെയാണ് ഈ ഉറപ്പ്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ തടസ്സമുണ്ടാക്കുന്നത് ലോക സമ്പദ്വ്യവസ്ഥയെയും അന്താരാഷ്ട്ര നിയമങ്ങളെയും തകർക്കുമെന്ന് ഫത്താലി മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ, ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജവിതരണ ശൃംഖലയെ സാരമായി ബാധിക്കും.
ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കയുടെ നിലപാടുകളാണെന്ന് ഇറാൻ ആരോപിക്കുന്നു. ചർച്ചകൾക്കായല്ല, മറിച്ച് ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനാണ് അമേരിക്ക വന്നതെന്ന് അംബാസഡർ പറഞ്ഞു. 2018-ൽ ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത് ചൂണ്ടിക്കാട്ടി, അമേരിക്കൻ വാഗ്ദാനങ്ങളിൽ തങ്ങൾക്ക് മോശം അനുഭവമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകളെ വഴിതിരിച്ചുവിട്ടെന്നും ഒരു സുപ്രധാന കരാറിൽ എത്തുന്നതിനെ ഇത് തടഞ്ഞുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. യുദ്ധത്തിലൂടെ നേടാൻ സാധിക്കാത്തത് അവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നേടാൻ ശ്രമിക്കുകയാണെന്നും അരാഗ്ചി പറഞ്ഞിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments