ഇന്ത്യയിലെആദ്യ ഹൈഡ്രജൻ ട്രെയിൻ;അനുമതി നൽകി റെയിൽവേ.
ഹൈഡ്രജൻ ട്രെയിന് അനുമതി നൽകി റെയിൽവേ മന്ത്രാലയം. നോർത്തേൺ റെയിൽവേയുടെ കീഴിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഈ ട്രെയിൻ ഹരിയാനയിലെ ജിങ് സോണിപത് റൂട്ടിലാണ് ഓടുക. 10 കോച്ചുകളുള്ള ഡ്രെമു ട്രെയിനാണ് ഹൈഡ്രജൻ ഇന്ധനമാക്കി പ്രവർത്തിക്കുക. മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആകെ 1,200 കിലോവാട്ട് പവർ ഔട്ട്പുട്ട് ശേഷിയുള്ള ഈ ട്രെയിൻ 'ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക്' സാങ്കേതികവിദ്യയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രെയിനിന്റെ കരുത്ത് ഒരൊറ്റ എഞ്ചിനിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ കോച്ചുകളിലുമായി തുല്യമായി വിതരണം ചെയ്യപ്പെടുന്ന സംവിധാനമാണിത്.ഡീസലിനും വൈദ്യുതിക്കും ബദലായി ഹൈഡ്രജൻ ഫ്യുവൽ സെൽസ് ഉപയോഗിച്ചായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചെങ്കിലും ട്രെയിൻ സർവീസ് ഉടനടി ആരംഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ സാങ്കേതിക അനുമതിക്കും, ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് മന്ത്രാലയം അനുമതി നൽകിയത്.
https://chat.whatsapp.com/E4uYU4ZIRdY6YcbHYYFcUH
No comments