Breaking News

*'സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കും'; കേരളത്തെ സില്‍വര്‍ ഇക്കോണമിയാക്കി മാറ്റുമെന്ന് വിഡി സതീശൻ*

തിരുവനന്തപുരം : ധവളപത്രം കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ രേഖയോ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണെന്ന് എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിനുളള രേഖയാണിത്.

പുതിയ സർക്കാർ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ധവളപത്രത്തിന്റെ പ്രധാന്യമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

വാർത്താസമ്മേളനത്തില്‍ പവർപോയിന്റിലൂടെയാണ് ധവളപത്രത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ ബഡ്‌ജറ്റില്‍ പറഞ്ഞത് തെറ്റായ കണക്കാണെന്നും 35000 കോടി രൂപയുടെ പ്ലാനില്‍ 20,500 കോടി ഇല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. 16-ാം ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത 14,137 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കണക്കിലെടുത്താണ് കഴിഞ്ഞ സർക്കാർ ബഡ്‌ജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയില്‍ 6000 കോടി രൂപ ബാക്കി വച്ചിട്ടാണ് പോയതെന്ന പ്രചരണം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മേയ് 16-ന് പുതിയ സർക്കാർ അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും സർക്കാർ നല്‍കാനുള്ള അടിയന്തര ബാദ്ധ്യതകള്‍ നിലനില്‍ക്കെ 6000 കോടിയുണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

50,000 രൂപ ശമ്പളമുള്ള ഒരാള്‍ തന്റെ കടങ്ങളും ബില്ലുകളും വീട്ടാതെ ആ പണം പോക്കറ്റില്‍ തന്നെ വച്ചിട്ട് തന്റെ പക്കല്‍ പണമുണ്ടെന്ന് അവകാശപ്പെടുന്നത് പോലെയാണ് മുൻ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പത്രക്കാരനും പാല്‍ക്കാരനും പലചരക്ക് കടക്കാരനും പണം നല്‍കാതെ വാതിലടച്ച്‌ അകത്തിരിക്കുന്ന അവസ്ഥ പോലെ വളരെ ഗുരുതരമായ അവസ്ഥയിലാണ് സംസ്ഥാന ഖജനാവിനെ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട മൂന്നാം ഗഡുവായ 1982 കോടി രൂപയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് നല്‍കാനുള്ള 377 കോടി രൂപയും നല്‍കാതെയാണ് കഴിഞ്ഞ സർക്കാർ പോയത്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈ പാവപ്പെട്ട വിദ്യാർത്ഥികള്‍ക്ക് നല്‍കേണ്ട തുകയ്ക്ക് ഒന്നാം പരിഗണന നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യ-ഭക്ഷ്യ മേഖലകളെയും സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ സർവീസസ് കോർപ്പറേഷന് 476 കോടി രൂപ നല്‍കാത്തതിനാല്‍ ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയില്‍ മാത്രം 2017 കോടി രൂപയുടെ ബാധ്യതയാണുള്ളത്. ട്രഷറിയില്‍ പണമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഈ അർഹമായ തുക വിതരണം ചെയ്യാതെ മാറ്റിവെച്ചത് ഭരണപരമായ വലിയ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തില്‍ വലിയ വഞ്ചനയാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജീവനക്കാർക്ക് ഡി എ കുടിശ്ശികയിനത്തില്‍ 25,000 കോടി രൂപയും പെൻഷൻകാർക്ക് 14,387 കോടി രൂപയും നല്‍കാനുണ്ട്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 15 മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കും. സാമ്പത്തിക അച്ചടക്കം തിരികെ കൊണ്ടുവന്ന് കേരളത്തെ ഒരു സില്‍വർ ഇക്കോണമിയാക്കി മാറ്റുകയും ലോകത്തിന്റെ തന്നെ ഹെല്‍ത്ത്-എഡ്യൂക്കേഷൻ ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച്‌ ചെയ്യുന്ന വികസന പ്രവർത്തനങ്ങള്‍ എന്തെല്ലാമാണെന്ന് ജനങ്ങളെയും അറിയിക്കണം. കേരളത്തിന്റെ സാമൂഹിക സൂചികകള്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments