Breaking News

ഒരു പതിറ്റാണ്ടിന്റെ യാത്രാദുരിതം: മജൽ ഗ്രാമവാസികൾക്കായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

​കാസർകോട് : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മജൽ ഗ്രാമത്തിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ പത്ത് വർഷത്തെ യാത്രാദുരിതത്തിന് പരിഹാരം തേടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അടിയന്തര പരാതി നൽകി. യാത്രാസൗകര്യം നിഷേധിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടർ, ഗതാഗത വകുപ്പ് സെക്രട്ടറി, ആർ.ടി.ഓ എന്നിവരെ എതിർകക്ഷികളാക്കി പരാതി സമർപ്പിച്ചത്.

​2016 വരെ കാസർകോട് പഴയ ബസ്‌സ്റ്റാൻഡ് - ചൗക്കി - അരിജാൽ - മജൽ - ബെള്ളൂർ - കമ്പാർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തലാക്കിയതു മുതലാണ് ഈ പ്രദേശത്തുകാർ കടുത്ത യാത്രാദുരിതത്തിലായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇവിടെ ജനസംഖ്യയും വീടുകളും വൻതോതിൽ വർദ്ധിച്ചിട്ടും, വിദ്യാർത്ഥികൾക്കും രോഗികൾക്കും തൊഴിലാളികൾക്കും യാത്രാസൗകര്യം പുനഃസ്ഥാപിച്ചു നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

​'ഗ്രാമവണ്ടി'ക്ക് സാമ്പത്തിക പരിമിതി; സ്വകാര്യ ബസിന് ആർ.ടി.ഓ.യുടെ കടുംപിടുത്തം
ഗതാഗത പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച 
'ഗ്രാമവണ്ടി' പദ്ധതിക്ക് കെ.എസ്.ആർ.ടി.സി ദിവസേന 4,000 രൂപയോളം ചിലവ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്രയും വലിയ തുക ദിവസേന KSRTC-ക്ക് നൽകാനുള്ള സാമ്പത്തിക ശേഷിയോ സ്വന്തം ഫണ്ടോ പരിമിതമായ സ്രോതസ്സുകൾ മാത്രമുള്ള മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിനില്ല. ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തിന്റെ സാമ്പത്തിക പരിമിതി മൂലം നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ജനങ്ങളെ പൂർണ്ണമായി ഒറ്റപ്പെടുത്തുന്നത് നീതിയല്ലെന്ന് പരാതിയിൽ പറയുന്നു.

​നാട്ടുകാരുടെ ദുരിതം കണ്ട് ഈ പ്രദേശത്തെ ഒരു വ്യക്തി സ്വന്തം നിലയ്ക്ക് ലക്ഷങ്ങൾ മുടക്കി ഒരു പുതിയ ബസ് (BS6) വാങ്ങി സർവീസ് നടത്താൻ മുന്നോട്ടുവന്നെങ്കിലും മോട്ടോർ വാഹന വകുപ്പ് (RTO) പെർമിറ്റ് നൽകാൻ തയ്യാറാകുന്നില്ല. 2016 മുതൽ കെ.എസ്.ആർ.ടി.സി സർവീസ് പൂർണ്ണമായി നിർത്തിവെച്ചിരിക്കുന്ന റൂട്ടിൽ, നിലവിലില്ലാത്ത 'KSRTC ഓവർലാപ്പിങ്' നിയമങ്ങളുടെ പേര് പറഞ്ഞാണ് ആർ.ടി.ഓ തടസ്സം നിൽക്കുന്നത്. യാത്രാസമയം നഷ്ടപ്പെടുത്തുന്ന അശാസ്ത്രീയമായ ചില വളഞ്ഞ വഴികളിലൂടെ ഓടിച്ചാൽ മാത്രമേ പെർമിറ്റ് തരൂ എന്ന ഉദ്യോഗസ്ഥരുടെ കടുംപിടുത്തം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അർഫാന നജീബ് പരാതിയിൽ വ്യക്തമാക്കുന്നു.

​തുടർച്ചയായ ശ്രമങ്ങൾ ഫലം കാണാത്തതിനെത്തുടർന്ന് കമ്മീഷനിലേക്ക്
2025 ഡിസംബറിൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതൽ മജൽ ഗ്രാമത്തിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ താൻ നിരന്തരം പ്രയത്നിക്കുകയാണെന്ന് അർഫാന നജീബ് പറഞ്ഞു. ജില്ലാ കളക്ടർ, എം.എൽ.എ, എം.പി, ട്രാൻസ്‌പോർട് കമ്മീഷണർ, മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്കെല്ലാം ഇമെയിൽ വഴിയും നേരിട്ടും നിരന്തരം പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഭരണപരമായോ ഉദ്യോഗസ്ഥ തലത്തിലോ യാതൊരുവിധ അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല.

​ഈ സാഹചര്യത്തിലാണ് ഒരു ജനതയെ മുഴുവൻ ഒറ്റപ്പെടുത്തുന്ന ഉദ്യോഗസ്ഥ ധിക്കാരത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

​അടിയന്തര ആവശ്യങ്ങൾ:

​ഒന്നുകിൽ കെ.എസ്.ആർ.ടി.സി നേരിട്ട് ഈ റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകണം.

​അല്ലെങ്കിൽ, സ്വന്തം ചിലവിൽ പുതിയ ബസ് വാങ്ങി കാത്തിരിക്കുന്ന വ്യക്തിക്ക് കാസർകോട് പഴയ ബസ്‌സ്റ്റാൻഡ് - ചൗക്കി - അരിജാൽ - മജൽ - ബെള്ളൂർ - കമ്പാർ എന്ന യഥാർത്ഥ റൂട്ടിൽ തന്നെ സർവീസ് നടത്താൻ ആവശ്യമായ ആർ.ടി.ഓ പെർമിറ്റ് അടിയന്തരമായി ലഭ്യമാക്കാൻ ഉത്തരവിടണം.

​തന്റെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ഈ നിയമപോരാട്ടവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അർഫാന നജീബ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments