Breaking News

*അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച മകനെ തിരികെ ചോദിച്ച് അമ്മ കലക്ടറേറ്റിൽ*

കോഴിക്കോട് : കണ്ണും മനസ്സും കലങ്ങിമറിഞ്ഞ്, ഒരു രാത്രിയാണ് മൂത്ത മകനെ കൈപിടിച്ചു, തന്റെ ചോരകുഞ്ഞിനെ ആരുമറിയാതെ നഗരത്തിലെ ‘അമ്മത്തൊട്ടിലിൽ’ വച്ചത്. നടന്നു നീങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.. കുഞ്ഞിന്റെ ആ തുടുത്ത മുഖം മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു. പിന്നീട് ആ അമ്മ ഇരുളിലേക്ക് നടന്നകന്നു.

തിരിച്ചുള്ള യാത്രയിൽ നൊന്ത് പെറ്റ് അമ്മിഞ്ഞ നൽകി... ഉണ്മയും ഉമ്മയും നൽകിയ ആ മാതൃ ഹൃദയം അവനായി തേങ്ങി... ഒന്നല്ല, പല ദിന രാത്രികളിൽ... ഒടുവിൽ പിതൃത്വം തള്ളി പറഞ്ഞ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വാരിപുണരാൻ.. എല്ലാം മറന്ന് അവനെ തേടി നെഞ്ചുപിടഞ്ഞ് അമ്മ വീണ്ടും എത്തി. സാങ്കേതിക കുരുക്കിൽ കെട്ടിയിട്ട്, എങ്ങോ വളരാതെ, അനാഥനാവാതെ മകനെ വീണ്ടെടുക്കാൻ ആ അമ്മ സത്യത്തിനു മുന്നിൽ വാതിൽ തുറക്കും എന്ന പ്രതീക്ഷയിൽ.

‘അവനെ എനിക്കു വേണം..’ മരിക്കുവോളം ഹൃദയ താളത്തിൽ താരാട്ടുപാടി ഒരു ദിനമെങ്കിലും മാറോട് അണയ്ക്കാൻ കഴിയുമെന്ന ആശയിൽ ആ അമ്മ കഴിഞ്ഞ ദിവസം കയറിച്ചെന്നത് കലക്ടറേറ്റിൽ. മാതൃത്വം മനസ്സ് തുറന്നപ്പോൾ അമ്മയുടെ വേദനക്കൊപ്പം ജില്ലാ ഭരണകൂട നിയന്ത്രണത്തിലുള്ള ഡിസിപിഒ ഉദ്യോഗസ്ഥയും അനുകൂലമായി. സംസ്ഥാനത്ത് അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് സജീവമാകുകയും, മറ്റൊരിടത്ത് പിറന്ന കുഞ്ഞിനെ നിഷ്ഠൂരം ജനലഴികളിലൂടെ പുറത്തേക്കെറിഞ്ഞ സംഭവങ്ങൾ ക്കിടയിലാണ് മാതൃത്വം അന്യം നിൽക്കാത്ത അമ്മ കുഞ്ഞിനായി തിരിച്ചെത്തിയത്.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കോഴിക്കോട് ബീച്ച് ഗവ.ജനറൽ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ആൺ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ കോഴിക്കോട് സ്വദേശിയായ അമ്മയാണ് കാലം തീർത്ത ജീവിത കഥ മറന്നു മാതൃ സ്നേഹത്തിന്റെ പ്രതീകമായി കുഞ്ഞിനെ തേടിയെത്തിയത്. മാർച്ച് 12 ന് രാത്രി 10.37 നാണ് എട്ടു ദിവസം പ്രായവും 3.500 ഗ്രാം തൂക്കമുള്ള ആൺകുട്ടിയെ അമ്മത്തൊട്ടിലിൽ പടിവാതിക്കൽ വച്ച് അവർ പടിയിറങ്ങിയത്. അലാം മുഴങ്ങിയതോടെ ആരോഗ്യപ്രവർത്തകർ എത്തി കുഞ്ഞിനെ പരിലാളിച്ചു. ആ രാത്രി ലോകം യുദ്ധത്തിന്റെ ആശങ്കയിലായിരുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന "ആരവ്" എന്ന് ഈ കുഞ്ഞ് അതിഥിയ്ക്ക് ആശുപത്രി അധികൃതർ പേര് നൽകി.

ആ ഇരുണ്ട രാത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച കോഴിക്കോട്ടെ 30കാരിയായ പെറ്റമ്മയുടെ ആവലാതികൾ മനസ്സിൽ തിരയടിച്ചു. ‘ഞാൻ പല രാത്രികളിലും ഉറങ്ങാറില്ല... കണ്ണിമചിമ്മുമ്പോൾ ആ കുഞ്ഞു മുഖം മനസ്സിൽ തെളിയും’. പിന്നെ എങ്ങനെ ഉറങ്ങുമെന്ന് അവർ പറഞ്ഞു. കുടുംബമായി ജീവിക്കുന്നതിനിടയിലാണ് അയാളെ പരിചയപ്പെട്ടത്. പിന്നീട് അടുപ്പമായി. മോഹന വാഗ്ദാനങ്ങളിൽപെട്ട് മനസ്സ് അയാളിലേക്ക് ചേർന്നു. പിന്നീട് ജോലിക്ക് പോകുന്നത് തടസ്സമായി. ഗർഭ ഗൃഹത്തിൽ വളരുന്ന കുഞ്ഞിനെ ചൊല്ലി ഇടയ്ക്കിടെ അസ്വാരസ്യങ്ങൾ ഉണ്ടായി. പിന്നീട് അയാളുമായി അകൽച്ചയായി. ഒരു ദിവസം രണ്ടു പേരും അകന്നു. പിന്നീട് മൂത്തമകനും താനും ഒറ്റക്കായി, ജോലിയില്ലാത്ത നാളുകൾ. ആത്മഹത്യയിലേക്ക് മനസ്സ് നീങ്ങിയെങ്കിലും തുടരണം ജീവിതം എന്നു അനുഭവം പഠിപ്പിച്ചു. പരാതിയും പരിഭവവും വേണ്ടെന്ന് മനസ്സു പറഞ്ഞു. അയാൾക്കെതിരെ പരാതിയുമായി പോയില്ല.

മാർച്ച് 4ന് രാത്രിയാണ് സർക്കാർ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. മുന്നോട്ടുള്ള യാത്ര ആശങ്കപ്പെടുത്തി. എട്ടാം ദിനം വൈകിട്ട് ആശുപത്രിയിൽ നിന്ന് ഇറങ്ങി. മൂത്തമകനൊടൊപ്പം കാറിൽ നഗരം ചുറ്റിക്കറങ്ങി. കടലോരത്തെത്തി. ഇരുട്ട് മൂടിവന്നതോടെ കടലിരമ്പം പോലെ മനസ്സും പ്രക്ഷുബ്ധമായി. അങ്ങനെ കുഞ്ഞിനു പാൽ നൽകി, വാഹനം ബീച്ച് ആശുപത്രിയിലേക്ക് ലക്ഷ്യമായി നീങ്ങി. ഒടുവിലാണ് കുഞ്ഞെങ്കിലും വളരട്ടെയെന്ന് കരുതി അമ്മത്തൊട്ടിലിൽ എത്തിച്ചത്. അന്ന് രാത്രി മുതൽ ഒന്നര മാസത്തോളം മനസ്സ് മറ്റൊരു വേദനിക്കുന്ന രൂപമായി ചുറ്റും വട്ടമിട്ടു നടന്നു. ഒടുവിൽ മകനെ വീണ്ടെടുത്ത് താരാട്ടുപാടാൻ ആശിക്കുകയായിരുന്നു.

ആദ്യം അറിവുള്ളവരുമായി സംസാരിച്ചു. അങ്ങനെ സമൂഹമാധ്യമം വഴി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ മുൻ അംഗത്തെ കണ്ടെത്തി. തുടർന്ന് വെള്ളിമാടുകുന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സനെ കണ്ടു അപേക്ഷ നൽകി. നൂറ് നൂലാമാലകൾ പറഞ്ഞു. എങ്കിലും പിന്മാറിയില്ല. ഉപേക്ഷിച്ച് 60 ദിവസത്തിനകം തിരിച്ചു കിട്ടാൻ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന നിയമം ആശ്വാസം ഉളവാക്കി. ഒടുവിൽ കലക്ടറേറ്റിൽ എത്തുകയായിരുന്നു. യുവതിയുടെ അപേക്ഷ സിഡബ്ല്യുസി അധികൃതർ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിനു കൈമാറി. പിന്നീട് ഡിഎൻഎ ഉൾപ്പെടെയുള്ള തുടർ നടപടിക്കായി റിപ്പോർട്ട് പൊലീസിനു കൈമാറി. തന്റെ വേദനിച്ച ഹൃദയത്തെ ശാന്തമാക്കി, കുഞ്ഞിനെ മാറോട് ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. ​



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments