*പാസ്പോർട്ട് സേവാ കേന്ദ്ര മാതൃകയിൽ എംവിഡി സേവാ കേന്ദ്രങ്ങൾ; സർവീസ് ചാർജ് കുത്തനെ ഉയരും*
കോഴിക്കോട് : പാസ്പോർട്ട് സേവാ കേന്ദ്ര മാതൃകയിൽ ‘എംവിഡി സേവാ കേന്ദ്രങ്ങൾ’ തുടങ്ങാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നീക്കം അപേക്ഷകർക്കു തിരിച്ചടിയാകുമെന്ന് ആശങ്ക. സർവീസ് ചാർജ് കുത്തനെ ഉയരുമെന്നു മാത്രമല്ല, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും വകുപ്പിലെ ജോലി സാധ്യത കുറയ്ക്കുമെന്നുമാണ് ആശങ്ക. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ, പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പൂർണമായി എംവിഡി സേവാകേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ പദ്ധതി നിർദേശം ഗതാഗതവകുപ്പിന്റെ പരിഗണനയിലാണ്.
ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, നികുതി, പെർമിറ്റ്, ഇ ചലാൻ, ഉപയോക്താക്കളുടെ പരാതി എന്നിവ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന സേവാ കേന്ദ്രങ്ങൾ വഴി നൽകുകയാണു ലക്ഷ്യം. നിലവിൽ ആർടി ഓഫിസുകളിൽ പോകാതെ തന്നെ അപേക്ഷകനു നേരിട്ടു ചെയ്യാവുന്ന, ആധാർ അധിഷ്ഠിത സേവനങ്ങളടക്കം സേവാ കേന്ദ്രങ്ങളിലേക്കു മാറ്റും. ഡ്രൈവിങ് ലൈസൻസ്, വാഹന ഉടമസ്ഥത മാറ്റൽ, ഹൈപ്പോത്തിക്കേഷൻ, ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കൽ, പെർമിറ്റ് എന്നിവ സംബന്ധിച്ച സേവനങ്ങൾ ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ വഴി നിലവിൽ അപേക്ഷകനു പരിവാഹൻ സൈറ്റിലൂടെ നേരിട്ടും അക്ഷയ കേന്ദ്രം വഴിയും ചെയ്യാം. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പർ ആണ് ഉപയോഗിക്കുന്നതെങ്കിൽ മാത്രം അപേക്ഷകൻ ആർടി ഓഫിസിലെത്തിയാൽ മതി. പുതിയ പദ്ധതി നടപ്പായാൽ, എല്ലാ അപേക്ഷകരും നേരിട്ടു സേവാ കേന്ദ്രങ്ങളിലെത്തേണ്ടി വരും. ഫീസിനു പുറമേ സർവീസ് ചാർജും അടയ്ക്കേണ്ടി വരും.
തത്കാൽ പാസ്പോർട്ട് പോലെ, എംവിഡി സേവാ കേന്ദ്രയിൽ തത്കാൽ സേവനത്തിനും നിർദേശമുണ്ട്. ഇതിന് അധികം സർവീസ് ചാർജ് നൽകണം. നിലവിൽ ആർടി, സബ് ആർടി ഓഫിസുകളിൽ, ചെറിയ സർവീസ് ചാർജ് വാങ്ങി സേവനം നൽകുന്ന കുടുംബശ്രീ ഇ സേവാ കേന്ദ്രങ്ങളുണ്ട്. ഇവർക്കും പുതിയ പദ്ധതി തിരിച്ചടിയാകും.
ഡിജിറ്റൽ ടോക്കൺ, സെൽഫ് സർവീസ് കിയോസ്ക്, ഓൺലൈൻ പേയ്മെന്റ് സിസ്റ്റം, സിസിടിവി, പരാതി പരിഹാര കൗണ്ടറുകൾ, കാത്തിരിപ്പിനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സേവാ കേന്ദ്രത്തിൽ സ്വകാര്യ കമ്പനി ഒരുക്കണം. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നും അക്ഷയ കേന്ദ്രങ്ങളുമായും കംപ്യൂട്ടർ സർവീസ് കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചു കൊണ്ടുപോകാമെന്നും ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങാമെന്നും നിർദേശത്തിലുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments