*പ്ലീഡര്‍ നിയമനത്തില്‍ മാനദണ്ഡം വ്യക്തമാക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ്*
തിരുവനന്തപുരം : പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത്. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സംഘടനയുടെ സജീവ പ്രവര്‍ത്തകയല്ലെന്നും തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. അവര്‍ സാങ്കേതികമായി അംഗങ്ങളാണ്. യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, എന്ന് കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത് എന്നതാണ് പ്രധാനം. നിലപാടിനോട് അര്‍ഹരായവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ഇപ്പോഴും ലോയേഴ്സ് കോണ്‍ഗ്രസിന്റെ നിലപാട്. പല യൂണിറ്റുകളില്‍ നിന്നും ശുപാര്‍ശാ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിയമനത്തില്‍ പരാതി അറിയിക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ വീണ്ടും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അനുമതി തേടും. അതിനിടെ പാര്‍ട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ കെപിസിസി വിലക്കിയിരുന്നു.
ജിയോണ ജെയിംസിന്റെ നിയമനത്തിനെതിരായ കെഎസ് യു പരാതി മുഖ്യമന്ത്രി തള്ളിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച പേരെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സംഘടന തന്നെ ചോദ്യം ചെയ്യുന്നു. പേര് നിര്‍ദ്ദേശിച്ചു. പക്ഷെ പട്ടികയില്‍ വളരെ താഴെയായിരുന്നുവെന്നാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വാദം. ലോയേഴ്‌സ് കോണ്‍ഗ്രസിലെ തര്‍ക്കവും വിവാദത്തിന് കാരണമാണ് എന്ന് സൂചനയുണ്ട്. സംഘടനാ നേതാവും സ്റ്റേറ്റ് അറ്റോര്‍ണിയുമായി അനൂപ് നായരാണ് ജിയോണയുടെ പേര് മുന്നോട്ട് വെച്ചതെന്നാണ് വിവരം.
എവിടെ നിന്നോ വരുന്ന ലിസ്റ്റ് അങ്ങനെ തന്നെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ഇതില്‍ പലതവണ പരാതി നല്‍കിയെങ്കിലും കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ തലത്തില്‍ അടക്കമുള്ള നിയമനങ്ങള്‍ വരാനിരിക്കുകയാണ്. ഇതില്‍ സംഘടനാ തലത്തിലുള്ള ഇടപെടല്‍ നടത്തിയുള്ള നിയമനം വേണമെന്നുമാണ് അബ്ദുള്‍ റഹ്‌മാന്‍ പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും കെഎസ് യുവും തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.
അതേസമയം സംഘടനയുടെ നേതാക്കളെ ഒഴിവാക്കിയതിലാണ് നേതൃത്വത്തിനുള്ള അമര്‍ഷമെന്നാണ് സൂചന. ഡീന്‍ കൂര്യാക്കോസ് എംപിയും ജിയോണയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് തന്നെ നിയമനം ചോദ്യം ചെയ്തത് കെഎസ് യുവിന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നു. നേരത്തെ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യര്‍ വീണ്ടും മുഖ്യന്ത്രിയെ കാണാനൊരുങ്ങുകയാണ്. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നല്‍കാനാണ് തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments