സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വിടപറഞ്ഞു
മലപ്പുറം : സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍(81)അന്തരിച്ചു.വാര്‍ദ്ധക്യ സഹചമായ അസൂഖത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു വഫാത്ത്. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.
പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ ദര്‍സ് പഠനം ആരംഭിച്ചു. നാല് വര്‍ഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദര്‍സ് പഠനങ്ങള്‍. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി.ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍(കായി) മുസ്ലിയാര്‍,പെരുമ്പലം ബാപ്പുട്ടി മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.
16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു.1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഓസ്‌ഫോജന' യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ.സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്.
ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര്‍ നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി(ഇഫഌ)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടിമുസ്ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments