Breaking News

*ആശുപത്രി മുറിക്ക് വാടക 12,000 രൂപ, നക്ഷത്ര ഹോട്ടലിൽ 4500 മാത്രം, തീവെട്ടിക്കൊള്ളയ്ക്ക് പൂട്ടിടാൻ ശുപാർശ, കേന്ദ്രം ശരിവച്ചാൽ വമ്പൻ‍മാർക്ക് തിരിച്ചടി*

ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്ക് നിയന്ത്രിക്കാൻ നിർണായക നീക്കവുമായി പാർലമെന്ററി സമിതി. ആശുപ്രതികളിലെ മുറി വാടക നിരക്കിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരാനും ബില്ലിങിൽ സുതാര്യത വരുത്താനും ശുപാർശ. രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു മുൻപ് ചികിത്സാ നിരക്കുകൾ ആശുപത്രികൾ വെളിപ്പെടുത്തണം. ചില ആശുപത്രികൾ ചികിത്സയ്ക്ക് അമിത നിരക്കുകളാണ് ഈടാക്കുന്നത്. 

ഇതു പലപ്പോഴും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവക്കും. രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ വൈകാനും ഇടയാക്കും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അതിവേഗ ഓംബുഡ്സ്മാൻ സംവിധാനം വേണമെന്നും ആരോഗ്യ, കുടുംബകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ.

രാജ്യത്തെ സ്വകാര്യ ആശുപത്രികൾ പല രീതിയിലാണ് മുറിവാടക ഈടാക്കുന്നതെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരേ മേഖലയിലുള്ള ആശുപത്രികളിൽ പോലും വ്യത്യസ്ത നിരക്കുകളാണ്. ഇക്കാര്യത്തിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളേക്കാൾ jn കൂടുതൽ മുറിവാടക ആശുപത്രികൾ ഈടാക്കാൻ പാടില്ലെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. 

മെട്രോപൊളിറ്റൻ നഗരങ്ങളിലെ ആശുപത്രികളിൽ ഇത് അടിന്തരമായി നടപ്പിലാക്കണം. എന്നാൽ ഡോക്ടർ, നഴ്സിങ് ചാർജ്, ഭക്ഷണം, ലോൺഡ്രി തുടങ്ങിയ ചെലവുകൾ ആശുപത്രികൾക്ക് വേറെ ഈടാക്കാവുന്നതാണ്.

രാജ്യത്തെ പല നഗരങ്ങളിലും ഹോട്ടൽ മുറികളേക്കാൾ വാടക ആശുപത്രികളിൽ ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും സമിതി പറയുന്നു. ഉദാഹരണത്തിന് മുംബൈയിലെ ഒരു പ്രമുഖ ആശുപത്രിയിൽ 6000-12,000 രൂപ വരെയാണ് സിംഗിൾ മുറിയ്ക്ക് ഈടാക്കുന്നത്. ഈ മേഖലയിൽ ത്രീസ്റ്റാർ ഹോട്ടലിന് 2500-4500 രൂപ നൽകിയാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ആരോഗ്യ മേഖലയിലെ വാർഷിക പണപ്പെരുപ്പം (ഹെൽത്ത് ഇൻഫ്ലേഷൻ) 10-13 ശതമാനമായത് രോഗികളിലും ഇൻഷുറൻസ് കമ്പനികളെയും സമ്മർദത്തിലാക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.

സ്വകാര്യ-സർക്കാർ ആശുപത്രികളിലെ ചികിത്സാ നിരക്കിൽ വലിയ അന്തരമുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ ആശുപത്രിയിലെ ശരാശരി ആശുപത്രി വാസത്തിന് 6631 രൂപയാണ് ചെലവ്. ഇത് സ്വകാര്യ ആശുപത്രികളിലെത്തുമ്പോൾ 50,508 രൂപയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയ, സർജന്റെ ഫീസ്, രോഗ നിർണം, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സ എന്നിവയ്ക്കുള്ള ചെലവ് ഏകീകരിക്കണമെന്നും ഇവ പ്രസിദ്ധീകരിക്കണമെന്നും സമിതി നിർദേശിച്ചു. 

സങ്കീർണവും നീണ്ടുനിൽക്കുന്നതുമായ ചികിത്സയ്ക്കു മുൻപ് ആശുപത്രികൾ രോഗിക്ക് ചികിത്സാ ചെലവിനെകുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകണം.സ്വകാര്യ ആശുപത്രികളെ കൂടുതൽ ആശ്രയിക്കുന്നതു കുറയ്ക്കാൻ പൊതു മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ രോഗികൾക്ക് വലിയ ആശ്വാസമാകും.

എന്നാൽ ഈ ശുപാർശകൾ നടപ്പിലായാൽ പ്രവർത്തന ലാഭത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ഇന്ന് ആശുപത്രി കമ്പനികളുടെ ഓഹരികളിൽ ഇടിവുണ്ടാക്കി. അപ്പോളോ ഹോസ്പിറ്റൽ, മാക്സ് ഹെൽത്ത് കെയർ, ഫോർടിസ്, അപ്പോളോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. റിപ്പോർട്ടിനു പുറമെ വിപണിയെ ആകെ ബാധിച്ച മാന്ദ്യവും ഓഹരികൾക്ക് തിരിച്ചടിയായി.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments