*ഖജനാവ് ചോര്‍ത്തുന്നവാടക ഹെലികോപ്ടര്‍*
ഒരുമാസം 25 മണിക്കൂര്‍ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ വാടകയായി നല്‍കണം. വെറുതേ കിടന്നാലും പണം ഒഴുക്കണം. ഇപ്പോൾ കൊടുക്കാനുള്ളത് അഞ്ച് മാസത്തെ കുടിശിക. സെപ്തംബറില്‍ കരാര്‍ തീരുമ്പോള്‍ പുതുക്കാൻ ഇടയില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തര ഘട്ടങ്ങളില്‍ ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാല്‍ പ്രതിരോധ സേനകളുടെ ഹെലികോപ്ടര്‍ റെഡി. വാടക ഹെലികോപ്ടര്‍ കേരളത്തിന്റെ ഖജനാവ് ചോര്‍ത്തുന്നു എന്ന വിമർശനം ശക്തമാണ്. എന്നാൽ പ്രതിമാസം 80 ലക്ഷം രൂപ നല്‍കി പിണറായി സർക്കാർ വാടകയക്കെടുത്ത ഹെലികോപ്ടർ യുഡിഎഫ് സർക്കാർ ഒഴിവാക്കിയേക്കും. പോലീസിന്റെ ആവശ്യങ്ങള്‍ക്കും വിഐപി യാത്രകള്‍ക്കും പ്രകൃതിദുരന്ത പ്രതിരോധ പ്രവർത്തനങ്ങള്‍ക്കുമായാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. കോടിക്കണക്കിന് രൂപ ഹെലികോപ്ടറിന് വാടകയിനത്തില്‍ നല്‍കിക്കഴിഞ്ഞു. ഖജനാവിനെ മുടിപ്പിക്കുന്ന ധൂർത്താണിതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വാടക ഹെലികോപ്ടർ ഒഴിവാക്കാനുള്ള നീക്കം. സെപ്തംബർ വരെയാണ് വാടക കരാറുള്ളത്. വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കല്‍, പ്രളയ മേഖലകളിലും മറ്റ് ദുരന്ത മേഖലകളിലും അതിവേഗ തെരച്ചിലും രക്ഷാപ്രവർത്തനവും, വിഐപികള്‍ക്ക് അടിയന്തര യാത്രകള്‍ സുഗമമാക്കുക, അടിയന്തര സാഹചര്യങ്ങളില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കോ രോഗികളെ വേഗത്തില്‍ എത്തിക്കാനോ ഉപയോഗിക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. ആദ്യഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസില്‍ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. മാസവാടക ഏകദേശം 1.71 കോടിയോളം ആയിരുന്നു. പിന്നീട് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്‌സണ്‍ ഏവിയേഷനുമായി 3 വർഷത്തെ കരാറിലേർപ്പെട്ടു. മാസവാടക 80 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് പ്രതിമാസം 25 മണിക്കൂർ പറക്കും. 25 മണിക്കൂറില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് ഏകദേശം 90,000 രൂപ അധികമായി നല്‍കണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടിക്കണക്കിന് രൂപ വാടകയിനത്തില്‍ നല്‍കുന്നത് ധൂർത്താണെന്ന് വിമർശനം ഉയരുന്നുണ്ട്. മാവോയിസ്റ്റ് പരിശോധനകള്‍ക്കായി കാടുകളില്‍ ഹെലികോപ്റ്ററിനേക്കാള്‍ തണ്ടർബോള്‍ട്ട് സേനയുടെ നേരിട്ടുള്ള ഓപ്പറേഷനാണ് നടക്കുന്നതെന്നും ഹെലികോപ്റ്റർ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും ആരോപണമുയർന്നു. മാത്രമല്ല, കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഇപ്പോഴില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ഫണ്ടും കുറച്ചിട്ടുണ്ട്. കേരളത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളെല്ലാം കീഴടങ്ങുകയോ തണ്ടർബോള്‍ട്ട് നിരവധി പേരെ വെടിവച്ച് കൊല്ലുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറിന്റെ ആവശ്യമെന്താണെന്ന ചോദ്യമാണ് ഉയരുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാൻ പ്രതിരോധ സേനകളുടെ ഹെലികോപ്ടറുകള്‍ കേരളത്തിന് ലഭ്യമാണ്. ഭാരതീയ വ്യോമസേന, നാവികസേന, കരസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഹെലികോപ്റ്ററുകളാണ് ദുരന്തനിവാരണത്തിനായി പ്രധാനമായും കേരളത്തിലെത്തുന്നത്. ചീഫ്സെക്രട്ടറി കത്ത് നല്‍കിയാല്‍ ഹെലികോപ്ടറുകള്‍ കേരളത്തിലെവിടെയും സേനകള്‍ എത്തിക്കും. പരമാവധി ഒരു ലക്ഷം രൂപയാണ് അവർ ബില്ല് നല്‍കുക. വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററുകള്‍ അടിയന്തര വിഐപി, പോലീസ് ആവശ്യങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍, വലിയ തോതിലുള്ള പ്രകൃതിദുരന്തങ്ങളില്‍ ജനങ്ങളെ സുരക്ഷിതരാക്കാൻ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സേനാ ഹെലികോപ്റ്ററുകളെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഖജനാവ് ചോർത്തുന്ന വാടക ഹെലികോപ്ടർ ഒഴിവാക്കാനുള്ള നീക്കം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments