*കുമ്പള ഫാമിലി ഹെൽത്ത് സെന്ററിനെ തകർക്കാൻ ഗൂഢശ്രമം: വൻകിട സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം* — അഷ്റഫ് കർള
കുമ്പള : ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന കുമ്പള ഗവ. ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങളെ തകർക്കാനും പ്രദേശത്തെ വൻകിട സ്വകാര്യ ആശുപത്രികളെ സഹായിക്കാനും ലക്ഷ്യമിട്ട് ചില ശക്തികൾ നടത്തുന്ന വ്യാജ പ്രചരണങ്ങളിലും ഇടപെടലുകളിലും ശക്തമായി പ്രതിഷേധിക്കുന്നതായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ അഷ്റഫ് കർള പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഭരണസമിതികളും ജനപ്രതിനിധികളും അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾ ലഭ്യമാക്കി ആശുപത്രിയെ ആധുനിക രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷനിൽ (NHM) നിന്നും ഏകദേശം 5 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതിൽ ഒരു കോടി രൂപ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ലഭ്യമായിട്ടുമുണ്ട്. നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ഈ മാസം 10-ാം തീയതി നടക്കാൻ ഇരിക്കുകയാണ്.
ഈ തരത്തിൽ വൻ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനിടയിലാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനത്തെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്.
കാസർകോട് ജില്ല പൊതുവെ നേരിടുന്ന ഡോക്ടർമാരുടെ ക്ഷാമം കുമ്പള ആശുപത്രിയെയും ബാധിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഏഴ് ഡോക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ മൂന്ന് പേർ മാത്രമാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തിയാൽ പോലും ഡോക്ടർമാർ എത്തുന്നില്ലെന്ന പ്രതിസന്ധിയുണ്ട്.
നിലവിലുള്ള മൂന്ന് ഡോക്ടർമാർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഒഴിവുകൾ എത്രയും വേഗം നികത്താൻ ബഹു. എം.എൽ.എയുടെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ നടന്നു വരികയാണ്. ഈ പ്രതിസന്ധികൾക്കിടയിലും ഞായറാഴ്ചകളിൽ പോലും 150-ലധികം രോഗികളെയാണ് ലഭ്യമായ ഒറ്റ ഡോക്ടർ കഠിനാധ്വാനം ചെയ്ത് പരിശോധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ ഒ.പി ടിക്കറ്റ് നൽകി എത്തുന്ന മുഴുവൻ രോഗികൾക്കും പരമാവധി മികച്ച സേവനം നൽകാൻ ആശുപത്രി അധികൃതരും ജീവനക്കാരും തയ്യാറാകുന്നുമുണ്ട്.
എന്നാൽ, ഇതിനെയെല്ലാം തമസ്കരിച്ച് ചില ഓട്ടോറിക്ഷാ തൊഴിലാളികൾ പലപ്പോഴായി ആശുപത്രിയിൽ വന്ന് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ജീവനക്കാരുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
കിടത്തിച്ചികിത്സയിലുള്ള രോഗികളെയും ഇൻജക്ഷനും ഗ്ലൂക്കോസും നൽകിയിട്ടുള്ളവരെയും കാണിച്ച് സാങ്കേതിക തടസ്സങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ഈ പൊതുജന ആരോഗ്യകേന്ദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം അപക്വമായ ഇടപെടലുകൾ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ.
സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന ഈ ആശുപത്രിയെ തകർത്ത്, രോഗികളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം അപവാദ പ്രചാരകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.
ആശുപത്രിയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി തന്നെ നേരിടും. ഇനി രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ തിരിച്ചടിക്കുമെന്നും അഷ്റഫ് കർള വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments