* "മജൽ" ഗ്രാമത്തിന്റെ 10 വർഷത്തെ യാത്രാദുരിതം; പെർമിറ്റ് നിഷേധിച്ച RTA ബോർഡ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വൈസ് പ്രസിഡന്റ് അർഫാന നജീബ്*
കാസർകോട് : കഴിഞ്ഞ പത്ത് വർഷമായി യാത്രാസൗകര്യമില്ലാതെ വലയുന്ന മജൽ ഗ്രാമത്തിലെ ജനങ്ങളുടെ കണ്ണീരിൽ കുതിർന്ന ആവശ്യത്തിന് നേരെ കണ്ണടച്ച് RTA ബോർഡ്. കാസർകോട് - കംബാർ via ചൗക്കി - മജൽ & ബെള്ളൂർ റൂട്ടിൽ പുതിയ ബസ് സർവീസിനായി സമർപ്പിച്ച അപേക്ഷ (Agenda No: 14, Vehicle No: KL60U8709) തികച്ചും യാഥാർത്ഥ്യബോധമില്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞ
ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളോടുള്ള ക്രൂരതയും കടുത്ത വെല്ലുവിളിയാണെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് കുറ്റപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അവർ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഉദ്യോഗസ്ഥരുടെ കുരുട്ടുനയങ്ങളും യാഥാർത്ഥ്യവും
------------------------------
മജൽ ഗ്രാമത്തിൽ യാതൊരുവിധ KSRTC സർവീസോ മറ്റ് പ്രൈവറ്റ് സർവീസോ ഇല്ലാത്തതിനാൽ കഴിഞ്ഞ പത്ത് വർഷമായി ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾ ഓട്ടോറിക്ഷകളെ മാത്രം ആശ്രയിച്ചാണ് ദുരിതയാത്ര നടത്തുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി നാട്ടിലെ ഒരു വ്യക്തി പുതിയ BS VI വാഹനം വാങ്ങി പെർമിറ്റിനായുള്ള എല്ലാ നിയമപരമായ നടപടികളും പൂർത്തിയാക്കിയിരുന്നു.
എന്നാൽ, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള RTA ബോർഡ് യോഗം താഴെ പറയുന്ന രണ്ട് ന്യായങ്ങൾ നിരത്തി പെർമിറ്റ് നിഷേധിക്കുകയാണുണ്ടായത്:
1, സാമ്പത്തിക സ്ഥിരത:
മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 71(d)(1)&(2) പ്രകാരം അപേക്ഷകൻ
സാമ്പത്തിക സ്ഥിരത തെളിയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിക്കുന്നു
2, ഓവർലാപ്പിംഗ്: പ്രസ് ക്ലബ് ജങ്ഷൻ മുതൽ ചൗക്കി വരെയുള്ള റൂട്ടിൽ KSRTC സ്കീം പ്രകാരമുള്ള ഒഴിവാക്കപ്പെട്ട (Exclusion) ഭാഗവുമായി റൂട്ട് ഓവർലാപ്പ് വരുന്നു.
ജനപ്രതിനിധിയുടെ ചോദ്യം: "ജനങ്ങളുടെ ജീവനേക്കാൾ വലുതാണോ സാങ്കേതിക നിയമങ്ങൾ?"
-----------------------------------
വർഷങ്ങളായി യാത്രാസൗകര്യമില്ലാതെ ഒരു ഗ്രാമം മുഴുവൻ ദുരിതമനുഭവിക്കുമ്പോൾ, കടലാസ് നിയമങ്ങളും ഉദ്യോഗസ്ഥരുടെ പിടിവാശിയും കാണിച്ച് പെർമിറ്റ് നിഷേധിക്കുന്നത് ജനങ്ങളുടെ അടിസ്ഥാന അവകാശമായ യാത്രാസ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമാണെന്ന് അർഫാന നജീബ് തുറന്നടിച്ചു. കാണാത്ത ഉദ്യോഗസ്ഥരോ, മന്ത്രിമാരോ, ജനപ്രതിനിധികളോ ബാക്കിയില്ലെങ്കിലും ഉദ്യോഗസ്ഥരുടെ ഈ നിസ്സംഗത കാരണം സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇനിയൊരു നിമിഷം പോലും കണ്ടുനിൽക്കാൻ സാധിക്കില്ല.
ഈ റൂട്ടിൽ KSRTC മതിയായ സർവീസുകൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ RTA ഉത്തരവിലും വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിൽ യാതൊരു സർവീസും ഇല്ലാത്ത ഈ സാഹചര്യത്തിൽ, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ധാർഷ്ട്യവും കുരുട്ടുനയങ്ങളും തിരുത്തിച്ച്, മജൽ ഗ്രാമത്തിന്റെ യാത്രാപ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments