Breaking News

*വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും*

ന്യൂഡൽഹി : ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു.

28,29,30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനി ബാങ്ക് അവധിയാണ്. ചുരുക്കത്തിൽ അ‍ഞ്ച് ദിവസങ്ങൾ ബാങ്ക് പ്രവർത്തിക്കില്ല. സെപ്റ്റംബർ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകൾ പ്രവർത്തിക്കുക. ബാങ്കിലെത്തി ചെയ്യേണ്ട ഇടപാടുകൾ അതിനു മുൻപ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പണിമുടക്ക് സമയത്തും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കി. പണം ആവശ്യമുള്ള ഉപഭോക്താക്കൾ എടിഎം, ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. യോനോ, യുപിഐ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

റിസർവ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സർക്കാർ നിലപാട്. 2024 മാർച്ചിൽ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ പിന്നീടു നടപടിയെടുത്തില്ല. ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്. ഇതിൽ പരിഹാരം കാണാനായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നാണ് സംഘടനകളുടെ നിലപാട്.

അതേസമയം, നീണ്ട ദിവസങ്ങൾ ശാഖകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. പൊതുമേഖല-പ്രാദേശിക ബാങ്കുകളുടെ സിഇഒമാർ, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം തിങ്കളാഴ്ച ധനമന്ത്രാലയം വിളിച്ചിട്ടുണ്ട്. അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments