*കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളേയും കേരളത്തില്‍ സിപിഎം നേതാക്കളേയും ലക്ഷ്യമിട്ട് ഇഡി;* *ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി*
ബെംഗളൂരു : ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന ആരോപണം ശക്തമായിരിക്കെ കേരളത്തിലും കര്‍ണാടകയിലും സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇഡി അന്വേഷണം. കേരളത്തില്‍ പിണറായി വിജയനെതിരായ ഇഡി നടപടികളെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകയിലെത്തുമ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കര്‍ണാടകയില്‍ ഇ.ഡിയെ 'വേട്ടക്കാര്‍' എന്ന് വിളിച്ച് രാഷ്ട്രീയമായി നേരിടാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, കേരളത്തില്‍ അതേ ഏജന്‍സിയുടെ കണ്ടെത്തലുകളെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഇഡിയെ മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് കേന്ദ്രം വഴിതുറന്നതോടെയാണ് തങ്ങള്‍ ഭരിക്കുന്ന കേരളത്തിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് ഒരുപോലെ പ്രതിരോധത്തിലായത്. കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ സാഹചര്യം ഇഡി നടപടിയെ ന്യായീകരിച്ച് പരസ്യമായി രംഗത്തുവരുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു.
കര്‍ണാടകത്തില്‍ ഡി.കെ സര്‍ക്കാര്‍ അധികാരത്തില്‍ 100 ദിവസം തികയ്ക്കുന്ന വേളയില്‍ മന്ത്രിസഭയിലെ പ്രബലനെ തന്നെ ഇഡി ലക്ഷ്യമിട്ടത് നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. സതീഷ് ജാര്‍ക്കിഹോളിയുടെയും മകളും എം.പിയുമായ പ്രിയങ്ക ജാര്‍ക്കിഹോളിയുടെയും ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെയും ബെലഗാവിയിലെയും വസതികളില്‍ ഉള്‍പ്പെടെ 18 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. ഏകദേശം 40 ഓളം കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന വിവരവും പിന്നാലെ പുറത്തുവരുന്നുണ്ട്. ഇതാണ് ഇഡിക്കെതിരേ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
കര്‍ണാടകത്തിലെ കേന്ദ്ര ഏജന്‍സിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്ത വിധം പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അതിര്‍ത്തി കടക്കുമ്പോള്‍ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്തിന്മേല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാത്രമേ ഇഡി നടപടികളെ ചെറുതായെങ്കിലും സ്വാഗതം ചെയ്യുന്നുള്ളൂ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി കൃത്യമായി കരുക്കള്‍ നീക്കുമ്പോള്‍ ആ കെണിയില്‍ വീണ് ചക്രശ്വാസം വലിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന് പിന്നാലെ ഡിഎംകെയും ഇഡി രാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറയുമ്പോള്‍ കോണ്‍ഗ്രസിലെ ആശയക്കുഴപ്പം ദേശീയതലത്തില്‍ തന്നെ നേട്ടമാക്കാനാകും ബിജെപിയുടെ ശ്രമം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments