
എല്ലാവര്‍ക്കും ഭൂമി, ഭൂരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അനധികൃതമായി ഭൂമി കയ്യേറിയവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിത മനുഷ്യര്‍ക്ക് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഒരു മടിയുമുണ്ടാകില്ല. മഞ്ചേശ്വരം താലൂക്ക് എടനാട് ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 35 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടായി മാറുകയാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്തെ റവന്യു വകുപ്പ് ഏറ്റവും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വേഗതയിലേക്കും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പട്ടയ മിഷന്‍ എന്ന പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നതും ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടേക്കാല്‍ ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. മുപ്പതിനായിരം പട്ടയങ്ങള്‍ കൂടി തയ്യാറായി കഴിഞ്ഞു. ഫെബ്രുവരി മാസത്തോടെ ഒന്നരലക്ഷം പേരെ ഭൂമിയുടെ ഉടമസ്ഥരാക്കി എന്ന അപൂര്‍വ്വമായ ബഹുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിധേയരാവുകയാണ്. കഴിഞ്ഞ നവംബര്‍ ഒന്നോടെ സമ്പൂര്‍ണ്ണ ഡിജിറ്റിലൈസായി മാറിയ റവന്യു വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കുന്നു എന്ന പരാതി ഇല്ലാതാക്കിയെന്നും മന്ത്രി പറഞ്ഞു. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി.സുബ്ബണ്ണ ആള്‍വ, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ചന്ദ്രാവതി, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം അനിതശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രദീപ് കുമാര്‍, കൃഷ്ണ ആള്‍വ, സുലൈമാന്‍ ഉജംപദവ്, പി.അബ്ദുള്ള കണ്ടത്തില്‍, രാഘവ ചേറാല്‍, ഹമീദ് കോസ്‌മോസ്, ഉദയരാജന്‍, മനോജ് കുമാര്‍, സിദ്ദീഖ് കൊടിയമ്മ, പ്രവീണ്‍ കുമ്പള, അഹമ്മദ് അലി കുമ്പള, താജുദ്ധീന്‍ മൊഗ്രാല്‍, കെ.പി. മുനീര്‍, ജയന്ത പാടാളി, ടി.കെ. കുഞ്ഞാമു, അസീസ് ബേരിക്കെ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്റ്റ് എഞ്ചിനിയര്‍ പി.ആര്‍.സുന്ദരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഡോ. എ. കൗശിഗന്‍ സ്വാഗതവും എ.ഡി.എം കെ.വി. ശ്രുതി നന്ദിയും പറഞ്ഞു.
No comments