ശിക്ഷ ഇരട്ടിച്ചത് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടി; വോട്ടുകാലത്തെ വിധിയില്‍ ചര്‍ച്ച ചൂടാകും
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 51 വെട്ടിന്‍റെ സൂത്രധാരന്മാരുടെ ശിക്ഷ ഇരട്ടിക്കുന്നത് സിപിഎമ്മിന് രാഷ്ട്രീയമായ തിരിച്ചടി കൂടിയാണ്. പാര്‍ട്ടി ഗൂഡാലോചന ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് വിചാരണകോടതി വെറുതെ വിട്ട സിപിഎം നേതാക്കളായ പ്രതികള്‍ക്ക് കൂടി ശിക്ഷ വിധിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സിപിഎം നിലപാടുകള്‍ വീണ്ടും സജീവ ചര്‍ച്ചയാകും.
വിചാരണ കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പത്താം പ്രതി കെ.കെ. കൃഷ്ണനും 12ാം പ്രതി ജ്യോതി ബാബുവും ദിവസങ്ങള്‍ക്ക് മുമ്പാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. ഇവരടക്കമുള്ള പ്രതികള്‍ക്കാണ് കടുത്ത ശിക്ഷ ലഭിക്കുന്നത്. സിപിഎം വടകര കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു കൃഷ്ണന്‍. പാനൂര്‍ കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു ജ്യോതി ബാബു. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു വിചാരണകോടതി നേരത്തെ ശിക്ഷിച്ച കെ.സി. രാമചന്ദ്രന്‍. ശിക്ഷ അനുഭവിക്കവെ മരിച്ച പി.കെ. കുഞ്ഞനന്തന്‍ പാനൂരിലെ സിപിഎമ്മിന്‍റെ മുഖമായിരുന്നു.
പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ഇപ്പോഴത്തെ സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്‍ അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയെന്നത് മാത്രമാണ് പാര്‍ട്ടിക്ക് ഏക ആശ്വാസം. പരോളിന്‍റെ കാര്യത്തിലടക്കം പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്കെതിരെ കൂടിയാണ് ഹൈക്കോടതി വിധി. അതിനാല്‍ തന്നെയാണ് 20 വര്‍ഷത്തേയ്ക്ക് പരോളോ ഇളവോ നല്‍കാന്‍ പാടില്ലെന്ന കോടതി പരമാര്‍ശം. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തൊട്ടുമുമ്പായി വന്ന വിധി പ്രധാന പ്രചാരണവിഷയമാകുമെന്നുറപ്പ്. എന്നാല്‍ ടിപി കേസ് കൂടുതല്‍ ചര്‍ച്ചയാക്കാതെ മുന്നോട്ട് പോകാനാകും സിപിഎം ശ്രമം.
പക്ഷെ എത്രയൊക്കെ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രമിച്ചാലും ടിപി കേസ് മുന്‍നിര്‍ത്തി രാഷ്ട്രീയ കൊലപാതങ്ങളോടുള്ള സിപിഎം നിലപാടിെനക്കുറിച്ച് യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് എല്‍ഡിഎഫിന് മറുപടി പറയാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇത് പ്രതിഫലിക്കുക വടകര മണ്ഡലത്തില്‍ മാത്രമാകില്ല എന്നും ഉറപ്പാണ്.
Post Comment
No comments