മൂന്നാംകടവ് ഡാം പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കും ജില്ലാ വികസന സമിതി
രാമങ്കയം പദ്ധതിയില്‍ വെള്ളം ലഭിക്കാതെ കേരള വാട്ടര്‍ അതോറിറ്റിയുടെ ബില്ല് വരുന്ന പ്രശ്‌നം അന്വേഷിച്ച് ഉടന്‍ പരിഹാരം കണണമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടിവ് എൻജിനിയറിനോട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. മാണിമൂല എസ്.ടി കോളനിയില്‍ അടിയന്തിരമായി കുടിവെള്ള സൗകര്യം ലഭ്യമാക്കണമെന്നും താമസയോഗ്യമല്ലാത്തവീടുകൾക്കു പകരം പുതിയ വീട് നിർമ്മിക്കുന്നതിന് പട്ടികവർഗവികസന വകുപ്പ് നടപടിയെടുക്കണമെന്ന് എം എൽ എ പറഞ്ഞു.
കുടിവെള ഈ ലഭ്യമാക്കാൻഎം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു..
ബേഡകം ആട് ഫാം നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിച്ചതായി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ച് പദ്ധതി പുരോഗമിക്കുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ടാറ്റ ആശുപത്രിയിലെ ഒരു കണ്ടെയ്‌നര്‍ വേര്‍പെടുത്തി മൂല്യം നിശ്ചയിച്ച് തുടര്‍ നടപടികള്‍ നടത്താന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
ജനവാസ മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു; കൂടുതല്‍ ജാഗ്രത ആവശ്യം :
ജില്ലയുടെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസമേഖലകളില്‍ വന്യ മൃഗശല്യം രൂക്ഷമാകുന്നുണ്ടെന്നും വിഷയം കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. വന്യമൃഗ ശല്യം കൂടിയ പ്രദേശങ്ങളില്‍ സോളാര്‍ വേലി സ്ഥാപിച്ച് സംരക്ഷണം തീര്‍ക്കണം. കാട്ടിനകത്ത് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കുറയുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും ഇത് പരിശോധിച്ച് വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും എം.എല്‍.എ ജില്ലാ വികസന സമിതി യോഗ ത്തിൽ പറഞ്ഞു.
വേനല്‍ക്കാലമായതിനാല്‍ ജില്ലയിൽ പലയിടങ്ങളിലും തീപ്പിടുത്തം കൂടുന്നുണ്ടെന്നും അതീവ ജാഗ്രത ആവശ്യമുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിൽ അപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ദേശീയപാതയില്‍ വഴിതിരിച്ചുവിടുന്നത് കൃത്യമായി അടയാളപ്പെടുത്തി കാണിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
പുഞ്ചാവി സുനാമി കോളനിയില്‍ വീടുകളുടെ ചോര്‍ച്ച പരിഹരിക്കും. 2023-24 മത്സ്യ തൊഴിലാളി അടിസ്ഥാന സൗകര്യ വികസനവും മാനവ വിഭവ ശേഷി വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഫിഷര്‍മെന്‍ കോളനിയിലെ വാസയോഗ്യമല്ലാത്ത വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ഫിഷറീസ് വകുപ്പ് മുഖേനെ നാല് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് പരിഗണിക്കും. തീരദേശ മണ്ഡലങ്ങളിലുള്ള ഫിഷറീസ് കോളനികള്‍ കണ്ടെത്തി ഏറ്റവും അര്‍ഹതയുള്ളവരെ പുനരുദ്ധീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അവസ്ഥാ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനും കത്ത് നല്‍കിയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കള്ളാര്‍ പഞ്ചായത്തിലെ കെ.എസ്.ഇ.ബി രാജപുരം സെക്ഷനിലെ കൊട്ടോടി ട്രാന്‍സ്‌ഫോമറില്‍ നിന്നും ചീമുള്ള് ഭാഗത്തേക്കുള്ള പഴക്കം ചെന്ന വൈദ്യുത കമ്പികള്‍ മാറ്റുകയും മൂന്ന് വൈദ്യുതി തൂണുകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്ത് അപകടാവസ്ഥ മാറ്റിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
എന്‍മകജെ പഞ്ചായത്തിലും ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്കും ജലവിതരണ സംവിധാനം കാര്യക്ഷമമാക്കണം
എന്‍മകജെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്കും അട്ക്കസ്ഥലയിലെ ജലസംഭരണിയില്‍ നിന്നുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് ഷിഫ്റ്റ് പമ്പിങ് നടത്തുന്ന എന്‍മകജെ പഞ്ചയത്തിലെ ജലവിതരണ പദ്ധതിയില്‍ വേനല്‍ക്കാലത്ത് ശുദ്ധജല വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം കാരണം പമ്പിങ് സമയത്തുള്ള കുറവ് പരിഹരിക്കുന്നതിനുമായി ഒരു അധിക ഷിഫ്റ്റ് കൂടി പമ്പിങ് നടത്തി വരുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. മൈലാട്ടി- വിദ്യാനഗര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കപ്പെടുമെന്നും സബ്‌സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന്റെ അളവ് വര്‍ധിക്കുമെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടെ ആശ്രയിക്കുന്ന വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബദിയഡുക്ക സി.എച്ച്.സിയിലെ ഒരു ഡോക്ടറെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിച്ച് മൂന്ന് ദിവസം ഒ.പി നോക്കുന്നതിനായി നിയോഗിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
2028 ലെ കടലാക്രമണത്തില്‍ തകര്‍ന്ന മംഗല്‍പാടി പഞ്ചായത്തിലെ പെരങ്കടി പി.ഡബ്യു.ഡി റോഡ്് പുനര്‍ നിര്‍മ്മിച്ച് അടിയന്തിരമായി ജിയോബാഗ് സ്ഥാപിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. അടിയന്തിര സാഹചര്യം പരിഗണിച്ച് ജിയോബാഗ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇറിഗേഷന്‍ ഇ.ഇ അറിയിച്ചു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുകയോ ട്രാന്‍സ്‌ഫോമറുകളുടെ ശേഷി വര്‍ധിപ്പിക്കുകയോവേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഫയര്‍ഫോഴ്‌സ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിശ്ചയിച്ച് കല്ലിടുന്നതിനായി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു
മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണം
കോവിഡ് കാലത്തിന് ശേഷം നിര്‍ത്തലാക്കിയ മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് സിവില്‍സ്‌റ്റേഷനിലേക്കും പി.ഡബ്ല്യു.ഡി ഓഫീസിലേക്കും സര്‍വ്വീസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റുമെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കുമ്പഡാജെ പഞ്ചാത്തിലെ ബെളിഞ്ചയില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് നാട്ടക്കല്ലിലെ സ്‌കൂളിലെത്തുന്നതിന് സൗകര്യമൊരുക്കും വിധം ബസ് റൂട്ട് ക്രമീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. നാല് പ്രൈവറ്റ് ബസ് സര്‍വ്വിസുകള്‍ പ്രദേശത്ത് സര്‍വ്വീസ് നടത്തുണ്ടെന്നും എന്നാല്‍ ബസ് ഉടമകള്‍ ആരും തന്നെ ഇതുവരെ റൂട്ട് വേരിയേഷനോ എക്‌സറ്റന്‍ഷനോ അപേക്ഷ നല്‍കിയിട്ടില്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഈ വിഷയത്തില്‍ കെ.എസ്.ആര്‍.ടിസി സര്‍വ്വീസ് ലഭിക്കുമോ എന്ന് പരിശോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് മരങ്ങള്‍ മുറിച്ചു നീക്കി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ചെര്‍ക്കള-കല്ലടുക്ക റോഡില്‍ പൊതുമരാമത്ത് വകുപ്പിന്‍രെ 50 സെന്റ് സ്ഥലത്ത് ചില്‍ഡ്രണ്‍സ് പാര്‍ക്ക് ഒരുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. കെ.ആര്‍.എഫ്.ബി, പൊതുമരാമത്ത് റോഡ് വിഭാഗം എന്നിവര്‍ സംയുക്ത സ്ഥല പരിശോധന നടത്തും. കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ മുതല്‍ കറന്തക്കാട് വരെയുള്ള റോഡ് നവീകരണത്തിന്റെ പ്രവൃത്തി വേഗത്തിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് അണ്ടര്‍പാസ്സ് നിര്‍മ്മിക്കണം
ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മിക്കാം എന്ന് അറിയിച്ച അടിപാത നിര്‍മ്മാണം ആരംഭിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവ സംരക്ഷിക്കുന്നതിനുള്ള ഭിത്തി നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. വീരമലക്കുന്നില്‍ അനധികൃതമായി കടത്തിയ മണ്ണിന്റെ അളവ് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എം. രാജഗോപാലന്‍ എം എൽ എ ആവശ്യപ്പെട്ടു. മണ്ണിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി ജിയോളജിസ്റ്റ്, താഹ്‌സില്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്താൻ നിർദ്ദേശിച്ചു
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 14,15,16 വാര്‍ഡുകളിലെ പൈപ്പ് കണക്ഷന്‍ ലഭിച്ച വെള്ളം ലഭിക്കാത്ത വീടുകളില്‍ വാട്ടര്‍ ബില്ല് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി ഇ.ഇ അറിയിച്ചു. ജില്ലയില്‍ ആകെ 246 പരാതികള്‍ ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 167 പരാതികള്‍ പരിഹരിച്ചുവെന്നും ഫെബ്രുവരി 29ന് മുന്‍പ് ബാക്കിയുള്ള പരാതികള്‍ കൂടി പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി ഇ.ഇ അറിയിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. കുട്ടമത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫ്‌ളോറിങ്, ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ദേശീയപാതാ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി അവലോകന യോഗം ചേരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ല് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ബജറ്റില്‍ അനുവദിച്ച തൃക്കരിപ്പൂര്‍ ഫയര്‍സ്റ്റേഷന്റെ വികസനം വേഗത്തിലാക്കണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഓര്‍ക്കുളം പാലത്തിനും അനുമതിയായിട്ടുണ്ടെന്നും സാങ്കേതികാനുമതി തേടി വൈകാതെ നിര്‍മ്മാണ പ്രവൃത്തിയിലേക്ക് എത്തണമെന്നും എം.എല്‍.എ പറഞ്ഞു.

No comments