തൃപ്പൂണിത്തുറ സ്ഫോടനം: ഒളിവില്‍ പോയ കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍
തൃപ്പൂണിത്തുറ പുതിയകാവിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഒന്‍പതുപേര്‍ കസ്റ്റഡിയില്‍. മൂന്നാറില്‍ നിന്നാണ് തെക്കുപുറം കരയോഗം ഭാരവാഹികള്‍ പിടിയിലായത്. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസിലാണ് നടപടി. അപകടത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് കസ്റ്റഡിയിലുള്ളവര്‍. സ്ഫോടനമുണ്ടായത് ക്ഷേത്രത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ്.
അതേസമയം, തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം വൈകിയേക്കും. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ജില്ല ദുരന്ത നിവാരണ അതോറിറ്റി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കുക. പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം വൈകാൻ സാധ്യതയേറുന്നത്.
വിഷയത്തിൽ വിവിധ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൻ്റെ സാമ്പിൾ ഇന്നോ നാളെയോ ആയി നഗരസഭ ശേഖരിക്കും. പരിശോധനയിൽ വെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തിയാൽ ഉടൻ ശുദ്ധീകരണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

No comments