Breaking News

ഭക്തിയുടെ മൂർത്തീഭാവത്തിൽ ഉറഞ്ഞ് തുള്ളി കൊറഗജ്ജൻ തെയ്യം:ഭക്ത മനസുകൾക്ക് ദർശന സായൂജ്യം

 


മാവുങ്കാൽ: കല്യാൺ റോഡ് ശ്രീ കൊറഗജ്ജൻ ദേവസ്ഥാനത്ത് നടന്ന പ്രതിഷ്ഠാദിന മഹോൽസവത്തിന് പ്രൗഢോജ്വല സമാപനം.ദേവസ്ഥാന തിരുസന്നിധിയിൽ തടിച്ചു കൂടിയ ആയിരങ്ങൾക്ക് ദർശന പുണ്യം നൽകി കൊറഗജ്ജൻ ദൈവം ദേവസ്ഥാന തിരുമുറ്റത്ത് ഉറഞ്ഞാടി.നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി അഭൂതപൂർവ്വമായ വിശ്വാസികളാണ് ദക്ഷിണ കർണ്ണാടകയിലെ പ്രസിദ്ധമായ കൊറഗജ്ജൻ തെയ്യം കാണാൻ കല്യാൺ റോഡ് ദേവസ്ഥാനത്ത് എത്തിയത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വർണ്ണശബളമായി തിരുമുൾകാഴ്ച്ച സമർപ്പണവും നടന്നു.

കല്യാൺ റോഡ് ശ്രീ മാരിയമ്മ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തിരുമുൾകാഴ്ച്ച ഘോഷയാത്രയിൽ താലപ്പൊലി,വാദ്യമേളം കരിമരുന്ന് തുടങ്ങി കുട്ടികളും സ്ത്രീകളും ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ദേവസ്ഥാനത്തെ വഴിപാടായി കൊറഗജ്ജന് ഭക്തർ പൂമാല സമർപ്പിച്ചു. തുടർന്ന് ഗുളികൻ തെയ്യത്തിൻ്റെ പുറപ്പാടോടു കൂടി പ്രതിഷ്ഠാദിന മഹോൽസവം സമാപിച്ചു. ദേവസ്ഥാനത്തെത്തിയ മുഴുവൻ ഭക്തജനങ്ങൾക്ക് അന്നദാനവും ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഒരുക്കിയിരുന്നു.


No comments