വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു; പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണം
റിസര്‍വ് ബാങ്കിന്‍റെ വിലക്കിന് പിന്നാലെ പേയ്‌ടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പുറത്തുനിന്നുള്ള നിക്ഷേപങ്ങളിലെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. വിലക്കിന് ആധാരമായ കാര്യങ്ങളില്‍ ആര്‍ബിഐയില്‍ നിന്നും ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് ഒന്നിന് ശേഷമുള്ള പേയ്‌ടിഎം പെയ്മെന്‍റസ് ബാങ്കിന്‍റെ പ്രവര്‍ത്തനം ആര്‍ബിഐ വിലക്കിയത്. പേയ്‌ടിഎം വാലറ്റിന്‍റെയും ഫാസ്‌ടാഗിന്‍റെയും കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ ആര്‍ബിഐ വൈകാതെ വിശദീകരണക്കുറിപ്പ് പുറത്തിറക്കും. പുതിയ നോഡല്‍ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാനാണ് കമ്പനിയുടെ ശ്രമം
കെവൈസിയിലടക്കം ഗുരുതര പിഴവുകള്‍ വരുത്തിയെന്നും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് ശേഷവും തിരുത്തലിന് തയ്യാറായില്ലെന്നുമുള്ള ആര്‍ബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ പേയ്ടിഎമ്മിന്‍റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് ശതമാനത്തോളം ഇടിവുണ്ടായി.

No comments