സ്കൂള്‍ പരിസരത്ത് തളളിയ മാലിന്യത്തില്‍ ആസിഡ്; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം : ചാലുകുന്നിൽ സ്കൂൾ പരിസരത്തേക്ക് അയൽവാസി തള്ളിയ മാലിന്യത്തിൽ നിന്നും ആസിഡ് പരന്ന് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായി പരാതി. ചാലുകുന്ന് യൂറോ കിഡ്സ് പ്രീസ്കൂൾ അധികൃതരാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ സ്കൂൾ അധികൃതർ വർഷങ്ങളായി തള്ളിയ മാലിന്യമാണ് തിരിച്ചിട്ടതെന്നാണ് അയൽവാസിയുടെ വിശദീകരണം.
ഇന്ന് രാവിലെ 9:30 യോടെയാണ് അയൽവാസി സ്കൂൾ പരിസരത്തേക്ക് തള്ളിയ മാലിന്യത്തിലുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം പടർന്ന് രണ്ട് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ചർദ്ദിയും തലകറക്കവും അനുഭവപ്പെട്ടെന്നറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് വിട്ടു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് യൂറോ കിഡ്സ് പ്രീ സ്കൂളിൽ പഠിക്കുന്നത്.
സ്കൂളും അയൽവാസിയും തമ്മിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതോടെ അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. സ്കൂളിന്റെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.. ലാബിൽ നിന്നുള്ള മാലിന്യങ്ങൾ സ്കൂൾ അധികൃതരുടേതാണെന്നാണ് അയൽവാസിയായ ബിപിൻ തോമസിന്റെ വിശദീകരണം. ഇയാളുടെ സ്ഥലം വൃത്തിയാക്കുന്നതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന മാലിന്യം സ്കൂൾ പരിസരത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

No comments