Breaking News

വിദ്യാര്‍ഥികളുടെ അപകടമരണം; ഡ്രൈവറെ പിരിച്ചുവിട്ട് നടപടി

 

കൊല്ലം ചടയമംഗലത്ത് ഒരു വര്‍ഷം മുന്‍പ് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്ത കെഎസ്ആര്‍ടിസി ബസ് ‍ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍‌ ബിനുവിനെയാണ് കോര്‍പറേഷന്‍ പുറത്താക്കിയത്. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28 നാണ് ചടയമംഗലം നെട്ടേത്തറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പുനലൂര്‍ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും ജീവനെടുത്തത്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ തട്ടി വീഴ്ത്തി ബസ് ഇരുവരുടെയും ശരീരത്തിലുടെ കയറിയിറങ്ങി. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് നിരന്തരമായി നടത്തിയ ഇടപെടലിലാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ട് നടപടിയായത്. അപകടകരമാം വിധം ഡ്രൈവര്‍ ബസ് ഓടിച്ചെന്നാണ് കുറ്റപത്രം.സിസിടിവി ദൃശ്യങ്ങളും തെളിവായി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സർവീസിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റമാണ് പൊലീസ് ചുമത്തിയതെന്നും നിയമപോരാട്ടം തുടരുമെന്നും അജയകുമാര്‍ പറഞ്ഞു. മരിച്ച ശിഖ ബിടെക് വിദ്യാര്‍ഥിയും അഭിജിത്ത് ബിസിഎ വിദ്യാര്‍ഥിയുമായിരുന്നു.

No comments