ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ്' ഇസ്രായേലിലേക്ക് ആയുധക്കയറ്റുമതി നടത്തുന്നതായി റിപ്പോർട്ട്
ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രമുഖരാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള 'ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്'. സൈനിക എഞ്ചിനീയറിംഗ്, പ്രതിരോധ സാങ്കേതിക മേഖലകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് കംപോണന്റ്‌സുകളായ റസീവറുകളും കമ്പ്യൂട്ടറകളും നിര്‍മിക്കലാണ് കമ്പനിയുടെ പ്രധാന ചുമതല. ഇത്തരം ഉത്പന്നങ്ങള്‍ ഇസ്രായേല്‍ ആയുധ നിര്‍മാണ കമ്പനിയായ 'എല്‍ബിറ്റ് സിസ്റ്റ'ത്തിന് കൈമാറുന്ന ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് ടാറ്റ എന്നാണ് പ്രധാന ആരോപണം._
ഗസ്സയില്‍ യുദ്ധം ചെയ്യാനായി ഇസ്രായേലിന് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രധാനപ്പെട്ട മൂന്ന് ആയുധ നിര്‍മാതാക്കളാണ് എല്‍ബിറ്റ് സിസ്റ്റസും (Elbit Systems) ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും (Israel Aerospace Industries (IAI)) റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും (Rafael Advanced Defense Systems). ഇതില്‍ അവസാനത്തെ രണ്ടെണ്ണം ഇസ്രായേലിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതാണ്. ഈ നിര്‍മാതാക്കള്‍ക്കാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ ആയുധ നിര്‍മാണ സാമഗ്രികകള്‍ വിതരണം ചെയ്യുന്നത്.
ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി ചെയ്യുന്ന 19 കമ്പനികളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോര്‍ട്ട് ആണ് Workers in Palestine WIP കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്. ‘ഇസ്രായേലുമായുള്ള ആയുധ ഇടപാടില്‍ ഇന്ത്യക്കുള്ള പങ്ക്’ എന്ന തലക്കെട്ടില്‍ ആറ് പേജുള്ള റിപ്പോര്‍ട്ട് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അദാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ്, ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്കല്‍ ലിമിറ്റഡ് (HAL), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL), മഹീന്ദ്ര എയറോസ്‌പേസ്, അല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ്, വേവ് മെക്കാനിക്‌സ് തുടങ്ങി 19 ഇന്ത്യന്‍ കമ്പനികളുടെ കൂട്ടത്തിലാണ് ടാറ്റയും ഉള്‍പ്പെടുന്നത്.
ഇസ്രായേലിന്റെ ആയുധവ്യാപാരത്തിലേക്ക് ഇന്ത്യ ഗണ്യമായ രീതിയില്‍ സംഭാവന ചെയ്യുന്നുണ്ടെന്നും 7 ബില്യണ്‍ ഡോളര്‍ ഇറക്കുമതി മൂല്യത്തോടെ ഇസ്രായേലിന്റെ മുന്‍നിര ആയുധ ഇറക്കുമതിക്കാരില്‍ ഒന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആയുധങ്ങളുടെ ഗണ്യമായ ഈ ഒഴുക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന പങ്കാളിത്തത്തെ എടുത്തുകാണിക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
‘അദാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ്’ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇസ്രായേലിലേക്ക് ഏകദേശം 20 ഹെര്‍മിസ് 900 ഡ്രോണുകളുടെ കയറ്റുമതി ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫലസ്തീന്‍ തൊഴിലാളികളോടുള്ള ഇസ്രായേലിന്റെ ചൂഷണം തുറന്നുകാട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫലസ്തീന്‍ ട്രേഡ് യൂണിയനുകളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് Workers in Palestine (WIP) 2020-23 കാലത്തെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേലി സൈനിക കമ്പനികളിലേക്കുള്ള ഇത്തരം കയറ്റുമതിയുടെ ആകെ മൂല്യം 500 മില്യണ്‍ ഡോളറിലധികം വരും.


No comments