കണ്ണൂർ സിംഹ'ത്തിൻ്റെ പല്ലു കൊഴിഞ്ഞോ?; സുധാകരൻ്റെ അധികാര ആടയാഭരണങ്ങൾ ഹൈക്കമാൻഡ് അഴിച്ചെടുക്കുമ്പോൾ.
കണ്ണൂർ സിംഹത്തിൻ്റെ പല്ല് കൊഴിഞ്ഞെന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഭവങ്ങൾക്ക് ഒടുവിൽ കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷ പദവിയിൽ നാല് വർഷം തികയ്ക്കാൻ 1 മാസവും 8 ദിവസവും ബാക്കിയിരിക്കെയാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ സുധാകരൻ 'അൺഫിറ്റാണ്' എന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നേതാക്കൾ പല്ലുകൊഴിഞ്ഞ സിംഹമെന്ന് ഡൽഹിയിലെത്തി പരാതി പറഞ്ഞിരുന്ന സുധാകരൻ്റെ കോൺഗ്രസിലെ രാജപദവി കൂടി ഒടുവിൽ ഹൈക്കമാൻഡ് അഴിച്ചെടുത്തിരിക്കുകയാണ്. രാഷ്ട്രീയ വനവാസത്തിന് ഒരുക്കമല്ലെന്ന സൂചന പദവി ഒഴിയില്ലെന്ന പ്രഖ്യാപനത്തിലൂടെ കെ സുധാകരൻ നേരത്തെ നൽകിയിരുന്നു. എന്നാൽ സുധാകരനെ അവഗണിച്ച് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന തീർപ്പിലാണ് പക്ഷെ ഹൈക്കമാൻഡ് എത്തിച്ചേർന്നിരിക്കുന്നത്.
പിണറായി വിജയനെ നേരിടാൻ അതിനൊപ്പം തലയെടുപ്പും നെഞ്ചളവും ഉള്ള കണ്ണൂർ സിംഹം എന്ന നിലയിലായിരുന്നു സുധാകരൻ്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള വരവിനെ ഒരുവിഭാഗം സ്വാഗതം ചെയ്തിരുന്നത്. കോൺഗ്രസിൻ്റെ കേരള നേതൃത്വത്തെയാകെ നിഷ്പ്രഭരാക്കി ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അധികാര തുടർച്ച നേടിയ പശ്ചാത്തലത്തിലായിരുന്നു 2021 ജൂൺ 16ന് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരൻ്റെ സ്ഥാനാരോഹണം. അതിനാൽ തന്നെ പിണറായിക്കൊത്ത എതിരാളി എന്ന നിലയിൽ സുധാകരനെ കേരള രാഷ്ട്രീയത്തിൽ പ്ലെയ്സ് ചെയ്യാൻ ഈ വിവരണം കോൺഗ്രസിനെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു.
Image
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം രണ്ട് വട്ടം പയറ്റി പരാജയപ്പെട്ടിടത്ത് നിന്ന് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ മടക്കി കൊണ്ടുവരാൻ പിണറായി വിജയനൊപ്പം തലയെടുപ്പുള്ള നേതാവ് എന്നതായിരുന്നു സുധാകരന് കോൺഗ്രസുകാർ കൽപ്പിച്ച് നൽകിയ ദൗത്യം. ഇതിനിടയിൽ പിണറായി വിജയനുമായി ഉണ്ടാക്കിയ ചില വാക്ക് തർക്കങ്ങളിലൂടെ അത്തരമൊരു പ്രതിച്ഛായ നിർമ്മിതിയ്ക്ക് വെള്ളവും വളവും നൽകാൻ കെ സുധാകരന് സാധിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ്റെ മൂന്നാമൂഴത്തെക്കുറിച്ച് ഇടതുപക്ഷ അണികൾ ആവേശത്തോടെ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് 'കണ്ണൂർ സിംഹ'മെന്ന നിർമ്മിത പ്രതിച്ഛായയുടെ ആടയാഭരണങ്ങളെല്ലാം നിഷ്കരുണം അഴിച്ചെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ് കെ സുധാകരനെ ഇന്ദിരാ ഭവൻ്റെ അമരത്ത് നിന്നും ഒഴിവാക്കുന്നത്. അതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടി ഒരുവർഷം മാത്രം ശേഷിക്കെ.
പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാകില്ലെന്നും അത്തരം ഒരു നീക്കം പാർട്ടിയിൽ ഇല്ലെന്നും സുധാകരൻ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുൻപാണ് ഹൈക്കമാൻഡ് സുധാകരനെ മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാനാകില്ലെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ പല്ലും നഖവും കൊഴിഞ്ഞ് രാഷ്ട്രീയ കരുത്ത് ചോർന്നുപോയെന്ന് മുദ്രകുത്തി പദവിയിൽ നിന്നും ഒഴിവാക്കിയ ഹൈക്കമാൻഡ് നീക്കത്തോട് സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. നാല് വർഷത്തിനടുത്ത് പാർട്ടിയുടെ അമരത്തിരുന്നതിൻ്റെ സ്വാധീനവും ശേഷിയും കോൺഗ്രസിനെ ബോധ്യപ്പെടുത്തി കൊടുക്കാൻ സുധാകരൻ തീരുമാനിച്ചാൽ വീണ്ടുമൊരു ചക്കളത്തിപ്പോരിൻ്റെ എപ്പിസോഡുകളിലൂടെ കേരളത്തിലെ കോൺഗ്രസിന് കടന്നു പോകേണ്ടി വരും. മറിച്ച് തൻ്റെ നോമിനിയായ സണ്ണി ജോസഫിനെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നത് നേട്ടമായി ചിത്രീകരിച്ച് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കാതെ അടിത്തൂൺ പറ്റാനാണ് സുധാകരൻ തീരുമാനിക്കുന്നതെങ്കിൽ രാഷ്ട്രീയ വിആർഎസ് എടുത്ത വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് തങ്ങളുടെ സാന്നിധ്യം ഓർമ്മപ്പെടുത്തുന്നത് പോലെ സുധാകരനും തുടരാം. ഇതിൽ ഏതാണ് സുധാകരൻ തിരഞ്ഞെടുക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁




സുധീരനും മുല്ലപ്പള്ളിയുമായി സുധാകരനെ താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്.....
ReplyDeleteഒരു പരിധി വരെ മാധ്യമങ്ങൾ വലുതാക്കിയ നേതാcക്കളാണ് സുധീരനും മുല്ലപ്പള്ളിയും.....
അണികൾ ഉയർത്തിക്കൊണ്ട് വന്ന നേതാവ് സുധാകരൻ.