മൊഗ്രാൽ പുഴയോരത്ത് ജലാശയത്തിലേക്കും,കടലോരത്തും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.
മൊഗ്രാൽ : അശാസ്ത്രിയമായ മാലിന്യ സംസ്കരണം സംബന്ധിച്ച് ദിവസേന പത്രങ്ങളിൽ വാർത്തയാണ്. വ്യാപാരസ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ ജില്ലാ എൻഫോസ്മെന്റ് സ്ക്വാഡ് വലിയ തോതിൽ പിഴ ചുമത്തുമ്പോൾ മൊഗ്രാൽ പുഴയിലെ ജലാശയത്തിലും,കടലോരത്തും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല.
മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരു വലിയ ദുരന്തമായി നിൽക്കുകയും,നിരവധി പേർ ദിവസേനയെന്നോണം മരണത്തിന് കീഴടങ്ങുകയും ചെയ്യുമ്പോഴും അത് ജലാശയത്തിലൂടെയാണ് പടരുന്നതെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലും കൂടിയാകുമ്പോൾ ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പുഴയോര- കടലോരവാസികൾക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
മാലിന്യനിർമ്മാർജ്ജനത്തിൽ കേരളം മാതൃകയെന്നാണ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറയുന്നത്. വീടുകളിൽ നിന്ന് ഇ- മാലിന്യ ശേഖരണം തുടങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് നൽകാതെ വലിച്ചെറിയൽ സംസ്കാരം ശീലമാക്കിയവരാണ് പുഴയോര ജലാശയത്തിലേക്കും,കടൽ തീരത്തേക്കും മാലിന്യം വലിച്ചെറിയുന്നത്.മാലിന്യ വിഷയത്തിൽ സർക്കാർ ഒരുപാട് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.എന്നിട്ടും ജനങ്ങൾ ബോധവാന്മാരല്ല എന്നതിന്റെ തെളിവാണ് മൊഗ്രാൽ പുഴയോരത്തെ ജലാശയങ്ങളിലെ മാലിന്യ കൂമ്പാരം.
വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ നിന്ന് 5% ഇളവു അനുവദിക്കാൻ പോലും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾക്ക് ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു.ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.എന്നിട്ടും ചിലർ ഈ വലിച്ചെറിയൽ സംസ്കാരം നിർത്തുന്നില്ല.
ജില്ലയിൽ പലഭാഗത്തും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് മാലിന്യം റോഡരികയും തള്ളുന്നവരുണ്ട്. ഗ്രാമീണ റോഡരികിലൊ ക്കെ ഇത് കാണാനും കഴിയും.വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളുന്നത് ഈയിടെ അധികൃതർ കണ്ടെത്തിയിരുന്നു. ബദിയടുക്കയിലും, കുമ്പള ഷിറിയയിലും കഴിഞ്ഞ ദിവസമാണ് അശാസ്ത്രീയമായ മാലിന്യനിക്ഷേപവും, വലിച്ചെറിയലും കണ്ടെത്തി എൻഫോഴ് സ്മെന്റ് സ്ക്വാഡ് പിഴ ഈടാക്കിയത്.5,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇത്തരത്തിൽ പിഴ ചുമത്തുന്നത്.പല സ്ഥലങ്ങളിലും സിസിടിവിയുടെ അഭാവം മാലിന്യം വലിച്ചെറിയുന്ന സാമൂഹിക ദ്രോഹികളെ കണ്ടെത്താൻ തടസ്സമാവുന്നുമുണ്ട്. മൊഗ്രാൽ പുഴയോരത്തും, കടലോരത്തോരത്തും കഴിഞ്ഞയാഴ്ച എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.
പൊതുയിടങ്ങളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്ത് പിഴയോടൊപ്പം ശിക്ഷാനടപടികൾ കൂടി സ്വീകരിക്കണമെന്നാണ് പുഴയോര-കടലോര പ്രദേശവാസികളുടെ ആവശ്യം.
ഫോട്ടോ:മൊഗ്രാൽ പുഴയോരത്ത് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ മാലിന്യ കൂമ്പാരം
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments