Breaking News

ട്രെയിനിലെ കക്കൂസിൽ ബെഡ് ഒരുക്കി കിടപ്പുമുറിയാക്കി യാത്ര; വീഡിയോ വൈറൽ.


ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്ത കാലത്തായി ഉയർന്ന് കേൾക്കുന്ന പ്രധാന പ്രശ്നം സ്ലീപ്പര്‍ കോച്ചുകളില്‍ കയറുന്ന ടിക്കറ്റില്ലാത്ത യാത്രക്കാരാണ്. ചിലര്‍ ലോക്കല്‍ ടിക്കറ്റ് എടുത്ത് ലോക്കല്‍ കോച്ചുകളില്‍ കയറാന്‍ പറ്റാത്തതിനാല്‍ സ്ലീപ്പർ കോച്ചുകളില്‍ കയറുന്നു. മറ്റ് ചിലർ ടിക്കറ്റേ എടുക്കാതെ സ്ലീപ്പര്‍. റിസർവേഷന്‍ കോച്ചുകളിൽ കയറുന്നു. ഈ രണ്ട് കൂട്ടരും റിസർവേഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പരാതികൾ. എന്നാല്‍, ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒറു വീഡിയോയില്‍ ട്രെയിനിലെ വാഷ് റൂം തന്നെ ഒരു സ്വകാര്യ ബെഡ് റൂമാക്കി മാറ്റിയാത്ര ചെയ്യുന്ന ഒരു യുവാവിനെ കുറിച്ചുള്ളതായിരുന്നു. വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളാണ് പങ്കുവയ്ക്കപ്പെടുന്നതും.


കണ്ടന്‍റ് ക്രീയേറ്ററായ വിശാൽ ശർമ്മയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. പ്ലാറ്റ്ഫോമിൽ നില്‍ക്കുന്നതിനിടെയാണ് വിശാല്‍ ഈ ദൃശ്യം കണ്ടത്. ട്രെയിനിലെ ബാത്ത്റൂമിന് പുറത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് കട്ടിൽ കണ്ടാണ് അദ്ദേഹം ചെന്ന് നോക്കുന്നത്. അവിടെ വാഷ്റൂമിൻറെ ജനലുകൾ ഇളക്ക് മാറ്റി ഒരാൾ തന്‍റെ ബെഡ് റൂം നിർമ്മിച്ചിരിക്കുന്നു. വിശാല്‍ തന്‍റെ ക്യാമറയുമായി പൊളിച്ച് മാറ്റിയ ജനലിനുള്ളിലൂടെ നോക്കുന്നു. ഈ സമയം വാഷ്റൂമിന്‍റെ വാതിലുകൾ ഉള്ളില്‍ നിന്നും അടച്ച് വലിയ ഭാണ്ഡക്കെട്ടുകൾ വച്ചിരിക്കുന്നത് കാണാം. ഒപ്പം ക്ലോസെറ്റിന് മുകളിൽ എന്തൊക്കെയോ വച്ച് ഉയർത്തിയിരിക്കുന്നു. അതിന് മുകളില്‍ വിരിപ്പൊക്കെ വിരിച്ച് വിശാലമായാണ് അദ്ദേഹത്തിന്‍റെ ഇരിപ്പ്. വീട്ടിലുള്ള സാധനങ്ങളെല്ലാം എടുത്തിട്ടുണ്ടോയെന്ന് വിശാല്‍ ചോദിക്കുമ്പോൾ അതെയെന്ന് അയാൾ നിഷ്ക്കളങ്കമായി മറുപടി പറയുന്നു. പിന്നാലെ അയാൾക്ക് ദീപാവലി ആശംസിച്ച് കൊണ്ട് വിശാല്‍ തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നു. അതേസമയം ട്രെയിന്‍ ഏതാണെന്നോ, റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്നോ വീഡിയോയില്‍ പറയുന്നില്ല.


*പ്രതികരിക്കാതെ റെയില്‍വേ*


വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, രൂക്ഷമായ പ്രതികരണമാണ് നെറ്റിസെന്‍സിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ആറ് ലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. ചിലര്‍ തമാശ കുറിപ്പുകളുമായെത്തിയപ്പോൾ മറ്റ് ചിലര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ശുചിത്വത്തിനും പൊതു സ്വത്ത് കൈകാര്യം ചെയ്യുന്നതിനും ഇന്ത്യക്കാര്‍ എന്ത് പ്രാധാന്യമാണ് കല്‍പ്പിക്കുന്നതെന്ന് ചിലരെഴുതി. ഇന്ത്യയിൽ മാത്രമേ ഇത്രയും സർഗ്ഗാത്മകനായ ഒരാളെ നിങ്ങൾക്ക് കാണാൻ കഴിയൂവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇന്ത്യൻ റെയിൽവേ യാത്രക്കാർ എന്താണ് ചെയ്യുന്നതെന്ന് ശരിക്കും പരിശോധിക്കപ്പെടേണ്ടതാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ട്രെയിൻ യാത്രയുടെ കുഴപ്പങ്ങളെ അതിജീവിക്കാൻ ആളുകൾ പുതിയ വഴികൾ കണ്ടെത്തുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.


കുത്തിനിറച്ച് വീർപ്പുമുട്ടി യാത്ര ചെയ്യുന്ന ട്രെയിനിൽ കുറച്ച് ആശ്വാസം കക്കൂസ് ആണെന്നും ചിലർ അഭിപ്രായപ്പെട്ടു.

 സാധാരണക്കാര്‍ക്ക് എന്ത് പ്രതിസന്ധിയെയും മറികടക്കാന്‍ അവരുടെതായ വഴികളുണ്ടെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments