Breaking News

_വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും -തേജസ്വി, 'എന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടില്ല'.


കിഷൻഗഞ്ച് (ബിഹാർ): ബിഹാറിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതിനിയമം ചവറ്റു​കുട്ടയിലെറിയുമെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പറഞ്ഞു.


മുസ്‍ലിം ഭൂരിപക്ഷ മേഖലയായ കതിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിൽ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പ്പ്പോഴും ആർ.എസ്.എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ, തന്റെ പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഒരിക്കലും വർഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടില്ലെന്നും തേജസ്വി പറഞ്ഞു.

ചില പാർട്ടി വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ജനങ്ങൾ അവർക്ക് ശ്രദ്ധ കൊടുക്കരുതെന്നും ജൻസുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെ ലക്ഷ്യമിട്ട് തേജസ്വി യാദവ് പറഞ്ഞു.


ബിഹാറിൽ നിതീഷ് 20 വർഷമായി മുഖ്യമന്ത്രിയായിട്ട്. 11 വർഷമായി കേ​ന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സീമാഞ്ചൽ മേഖലയെ അവർ തിരിഞ്ഞുനോക്കിയിട്ടില്ല. തങ്ങൾ അധികാരത്തിലെത്തിയാൽ സീമാഞ്ചൽ മേഖലയുടെ വികസനത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ​വയോജന പെൻഷൻ പ്രതിമാസം 1100 രൂപയിൽനിന്ന് 2000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

കുടുംബത്തി​ൽ ഒരാൾക്ക് സർക്കാർ ജോലി

ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ എല്ലാ കുടുംബത്തിലെയും ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുമെന്ന് തേജസ്വി യാദവ് പറഞ്ഞു. 20 ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുമെന്നും 20 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും ഖഗാരിയ ജില്ലയിലെ ഗോഗ്രിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.


ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കും. അവർക്കായി 50 ലക്ഷം വരെയുള്ള ഇൻഷുറൻസ് കവറേജും പ്രഖ്യാപിക്കും. ബാർബർമാർ, മരപ്പണിക്കാർ, പോട്ടറി ബിസിനസ് നടത്തുന്നവർ തുടങ്ങിയവർക്ക് അഞ്ച് രൂപ പലിശരഹിത വായ്പ തേജസ്വി യാദവ് കൂട്ടിച്ചേർത്തു.തങ്ങൾ അധികാരത്തിലെത്തിയാൽ വിവിധ സർക്കാർ വകുപ്പുകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും നേരത്തെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.


അതേസമയം, തേജസ്വിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും 27 അഴിമതി കേസുകൾ നേരിടുന്ന തേജസ്വി എം.എൽ.എ സ്ഥാനത്തിരുന്ന് 13.41 കോടി രൂപയുടെ സ്വത്ത് എങ്ങനെയുണ്ടാക്കിയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ജനങ്ങൾക്കായി എന്താണ് ചെയ്യുന്നതെന്നും ജനങ്ങൾക്കറിയാമെന്ന് ജെ.ഡി (യു) വക്താവ് നീരജ് കുമാർ പറഞ്ഞു. 243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ ആറ്, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണൽ. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments