*"ക്ഷമിക്കണം അമ്മേ അച്ഛാ, നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്കായില്ല"; പഠന സമ്മർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി*
ചത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിനിയായ പ്രിൻസി കുമാരി (20) ആണ് ശനിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. റായ്ഗഡിലെ ഒരു സ്വകാര്യ സർവകലാശാലയിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു പ്രിൻസി. പുഞ്ചിപാത്രയിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ വീട്ടുകാർ പ്രിൻസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആവർത്തിച്ച് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെത്തുടർന്ന് പരിഭ്രാന്തരായ കുടുംബം ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയായിരുന്നു. വാർഡൻ മുറിയിലെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് പ്രിൻസിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും വാതിൽ പൊളിച്ച് അകത്തുകയറി മൃതദേഹം താഴെയിറക്കുകയും ചെയ്തു. പഠനസമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിൻസിയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് സാധിക്കുന്നില്ലെന്നും പഠനകാര്യത്തിൽ വലിയ മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. "ക്ഷമിക്കണം അമ്മേ അച്ഛാ, നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്കായില്ല" എന്ന് കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി മാതാപിതാക്കൾ ചിലവാക്കുന്ന പണത്തെക്കുറിച്ചും പ്രിൻസിക്ക് കടുത്ത കുറ്റബോധം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഒന്നാം വർഷത്തെ അഞ്ച് വിഷയങ്ങളിൽ പ്രിൻസി പരാജയപ്പെട്ടിരുന്നു. ഈ പരീക്ഷകൾക്ക് വീണ്ടും ഹാജരാകേണ്ടി വന്നതും അതോടൊപ്പം രണ്ടാം വർഷത്തെ പഠനഭാരവും വിദ്യാർത്ഥിനിയെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. സെമസ്റ്റർ ഫീസിനായി ഒരു ലക്ഷം രൂപ കഴിഞ്ഞദിവസം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സഹപാഠികളുടെയും ഹോസ്റ്റൽ ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments