Breaking News

*എന്തുകൊണ്ട് ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു? ചോദ്യവുമായി ഹൈക്കോടതി, ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളി.*

കൊച്ചി : ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ടിപി വധക്കേസിലെ 12ാം പ്രതി ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് ടി പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. അച്ഛന്‍റെ സഹോദരന്‍റെ മകന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസം പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. ടിപി വധക്കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു. പത്തു ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജ്യോതി ബാബുവിന്‍റെ ഭാര്യ പി.ജി. സ്മിതയാണ് ഹർജി നൽകിയത്. എന്നാൽ, ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരൻ എന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല. അപേക്ഷ നൽകുന്നതിൽ ഇതല്ല ശരിയായ രീതിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോള്‍ അനുവദിച്ചിരുന്നു. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നൽകിയത്. ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല. 31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നുവെന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ജ്യോതിബാബു അടിയന്തര പരോള്‍ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. തുടര്‍ന്നാണ് ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments