*യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് സൗദിയും യെമനും*
ആഭ്യന്തര സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പുതിയ വഴിത്തിരിവിൽ. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനിൽ നിന്ന് പിൻവലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യെമനിലെ ഏതു കക്ഷിക്കും സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുന്നത് നിർത്തിവെക്കണം. സതേൺ ട്രാൻസിഷണൽ കൗൺസിൽ സൈന്യത്തെ പിന്തുണക്കാനായി യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് രണ്ടു കപ്പലുകളിൽ യെമനിലെ അൽമുകല്ല തുറമുഖത്തെത്തിച്ച ആയുധങ്ങൾക്കും സൈനിക വാഹനങ്ങൾക്കും നേരെ സഖ്യസേന ഇന്ന് രാവിലെ വ്യോമാക്രമണം നടത്തി.
യെമന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സഹോദര രാഷ്ട്രങ്ങൾക്കിടയിൽ നല്ല അയൽപക്ക
ബന്ധം ശക്തിപ്പെടുത്താനുമുള്ള
യുക്തിസഹമായ രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കുക എന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും തത്വങ്ങളോടുള്ള പ്രതിബദ്ധത ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്ക് ഉണ്ടായിരിക്കണം. ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന അടുത്ത ബന്ധങ്ങളെയും യെമനിൽ സ്ഥിരത വർധിപ്പിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്ന ഈ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിവേകവും പരസ്പര ധാരണയും സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയുടെ ദക്ഷിണ അതിർത്തിയിൽ യെമനിലെ ഹദ്റമൗത്ത്, അൽമഹ്റ ഗവർണറേറ്റുകളിൽ സൈനിക നടപടികൾ സ്വീകരിക്കാൻ സതേൺ ട്രാൻസിഷണൽ കൗൺസിലിനു മേൽ യു.എ.ഇ സമ്മർദം ചെലുത്തിയത് ഖേദകരമാണ്. ഇത് സൗദി അറേബ്യയുടെ ദേശീയ സുരക്ഷക്കും യെമന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. ഗുരുതരമായ നടപടികളാണ് യു.എ.ഇയുടെ ഭാഗത്തു നിന്നുണ്ടായത്. സഖ്യസേന സ്ഥാപിതമായ തത്വങ്ങൾക്കും യെമനിൽ സുരക്ഷയും സ്ഥിരതയുമുണ്ടാക്കാനുള്ള ശ്രമങ്ങളുമായും ഇത് പൊരുത്തപ്പെടുന്നില്ല. യെമന്റെ സുരക്ഷക്കും സ്ഥിരതക്കും പരമാധികാരത്തിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. യെമൻ പ്രസിഡന്റിനും സർക്കാരിനും സൗദി
അറേബ്യ പൂർണ പിന്തുണ നൽകുന്നു. സാമൂഹിക, ചരിത്ര മാനങ്ങളുള്ള പ്രശ്നമാണ് ദക്ഷിണ യെമൻ പ്രശ്നം. യെമനിലെ സമഗ്ര രാഷ്ട്രീയ പരിഹാരത്തിന്റെ ഭാഗമായി യെമനിലെ മുഴുവൻ കക്ഷികളും പങ്കെടുക്കുന്ന ചർച്ചകളിലൂടെയാണ് ഇതിന് പരിഹാരം കാണേണ്ടതെന്നും സൗദി അറേബ്യ പറഞ്ഞു.
സഖ്യസേനയിൽ നിന്ന് ഔദ്യോഗിക ലൈസൻസുകൾ നേടാതെ ശനി, ഞായർ ദിവസങ്ങളിലാണ് ഫുജൈറ തുറമുഖത്തു നിന്ന് ആയുധങ്ങൾ വഹിച്ച രണ്ടു കപ്പലുകൾ അൽമുകല്ല തുറമുഖത്തെത്തിയതെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽമാലികി പറഞ്ഞു. യു.എൻ രക്ഷാ സമിതി 2216 -ാം നമ്പർ പ്രമേയം ലംഘിച്ച് യെമനിൽ സംഘർഷം മൂർഛിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കിഴക്കൻ യെമനിലെ ഹദ്റമൗത്ത്, അൽമഹ്റ ഗവർണറേറ്റുകളിൽ സതേൺ ട്രാൻസിഷണൽ കൗൺസിൽ സേനയെ പിന്തുണക്കാനായി വൻ ആയുധ ശേഖരങ്ങളും പോരാട്ട വാഹനങ്ങളും കപ്പലുകളിൽ നിന്ന് അൽമുകല്ല തുറമുഖത്ത് ഇറക്കി. യെമൻ പ്രസിഡന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ ആയുധങ്ങൾക്കു നേരെ ഇന്ന് രാവിലെ സഖ്യസേന പരിമിതമായ നിലക്ക് വ്യോമാക്രമണങ്ങൾ നടത്തുകയായിരുന്നെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
അതിനിടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യെമൻ പ്രസിഡന്റ് ഡോ. റശാദ് അൽഅലീമി യെമനിൽ 90 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യെമനിലെ മുഴുവൻ തുറമുഖങ്ങൾക്കും കരാതിർത്തി പോസ്റ്റുകൾക്കും മേൽ 72 മണിക്കൂർ നേരത്തെക്ക് വ്യോമ, സമുദ്ര, കര ഉപരോധവും പ്രസിഡന്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
യെമനും യു.എ.ഇയും ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ റദ്ദാക്കിയതായും യെമൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments