*വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി*
വാളയാർ : ആൾക്കൂട്ട ക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. എസ്‍സി - എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. എന്നാൽ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകൾ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണൻ്റെ കുടുംബത്തിൻ്റെ ആവശ്യം. കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് എസ്‍സി - എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പൊലീസ് തയ്യാറായത്. ആൾക്കൂട്ട കൊലപാതകത്തിൽ പൊലീസിന് തുടക്കത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടികൂടുന്ന നടപടികളിലേക്ക് ആദ്യ രണ്ട് ദിവസം പൊലീസ് കടന്നില്ല.
കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മർദ്ദനത്തിൽ പങ്കെടുത്തവർ നാടുവിട്ടു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തൽ. എന്നാൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തൽ.
റിമാൻഡിലുള്ള അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ എസ്ഐടി തീരുമാനിച്ചു. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമർപ്പിക്കും. അതേസമയം, രാംനാരായണൻ്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖംരേഖപ്പെടുത്തി. രാം നാരായണന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം നൽകും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments