Breaking News

യുവാക്കളുടെ നൂതനാശയങ്ങളുടെ വ്യാപ്തി പ്രദര്‍ശിപ്പിച്ച് കെഎസ്യുഎമ്മിന്റെ ഐഇഡിസി ഉച്ചകോടി

കാസര്‍ഗോഡ് : യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ഐ.ഇ.ഡി.സി ഉച്ചകോടി 2025 സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന നവീകരണ ആവാസവ്യവസ്ഥയുടെ പ്രദര്‍ശന വേദിയായി മാറി.

എല്‍.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച  പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍) ഉച്ചകോടിയില്‍ സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥി ഇന്നൊവേറ്റര്‍മാര്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിച്ചു.

ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.  നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. 

നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങള്‍ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കള്‍ തയ്യാറാകണമെന്ന് കുഞ്ഞമ്പു പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ സംരംഭകര്‍ക്കും നവീനാശയങ്ങള്‍ക്കും വലിയ പങ്കുണ്ട്. പരമ്പരാഗത സമ്പദ്വ്യവസ്ഥയ്ക്കപ്പുറം സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമതയും സംയോജിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകുന്ന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കാഴ്ചപ്പാടാണ് ഈ ഉച്ചകോടിയെ അര്‍ത്ഥവത്താക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോടിന് ഈ ഉച്ചകോടി ഒരു പുതിയ അനുഭവമാണെന്ന് എന്‍.എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. കെഎസ്യുഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും യുവാക്കളുടെ കഴിവുകള്‍ ശരിയായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും സംരംഭകര്‍ക്ക് ഉച്ചകോടി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ സംരംഭകത്വത്തെ ഗൗരവമായി പരിഗണിക്കണമെന്നും യുവാക്കളുടെ നൂതന ആശയങ്ങള്‍ രാജ്യത്തിന്റെ 'നാളെ'യെ യഥാര്‍ത്ഥത്തില്‍ നിര്‍വചിക്കുന്നുവെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. സംരംഭകരെ സൃഷ്ടിക്കുന്നതിലും അവരുടെ പുതിയ കമ്പനികളെ വളര്‍ത്തിയെടുക്കുന്നതിലും ഐഇഡിസികളുടെ സ്വാധീനത്തെക്കുറിച്ചും സിഇഒ ഊന്നിപ്പറഞ്ഞു.

കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാസര്‍ഗോഡ് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപിസിആര്‍ഐ) ഡയറക്ടര്‍ ഡോ. കെ.ബി ഹെബ്ബാര്‍, നാസ്‌കോം സിഇഒ ജ്യോതി ശര്‍മ്മ, കേരള ടെക്നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ജയപ്രകാശ് പി, കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫിനാന്‍സ് ഓഫീസര്‍ രാജേന്ദ്ര പിലാങ്കട്ട, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജോയിന്റ് ഡയറക്ടര്‍ ഡോ. ജയമോഹന്‍ ജെ, കാസര്‍ഗോഡ് എല്‍.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സെക്കൂര്‍ ടി എന്നിവരും സംസാരിച്ചു.
7000-ത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ അക്കാദമിക സ്ഥാപനങ്ങളിലുടനീളം വിദ്യാര്‍ത്ഥി സംരംഭകത്വവും സാമൂഹിക നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്യുഎമ്മും നാസ്‌കോമും തമ്മിലുള്ള സഹകരണത്തിനായി അനൂപ് അംബികയും ജ്യോതി ശര്‍മ്മയും ധാരണാപത്രം കൈമാറി. വിദ്യാര്‍ത്ഥികള്‍ക്ക് നവീകരണത്തിലെ പിന്തുണ, ഡിജിറ്റല്‍ പഠനം, മെന്ററിംഗ്, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവ നല്‍കുന്ന സിഎസ്ആര്‍ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ ലാന്‍ഡിംഗ് ആന്‍ഡ് ട്രെയിനിംഗ് വെര്‍ട്ടിക്കല്‍ ആപ്പായ സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് 'ഫൗണ്ടേഴ്സ് ഹബ്ബിന്റെ' ലോഗോ പുറത്തിറക്കി. സ്റ്റാര്‍ട്ടപ് സ്ഥാപകരെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിസോഴ്സ് -നോളജ് പ്ലാറ്റ്ഫോമാണ് 'ഫൗണ്ടേഴ്സ് ഹബ്ബ്'. ഇതിലൂടെ പ്രായോഗിക ഉള്‍ക്കാഴ്ചകള്‍, ആഗോള കാഴ്ചപ്പാടുകള്‍, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ വശങ്ങള്‍ എന്നിവ ഉപയോഗിച്ച് സംരംഭകരെ സജ്ജമാക്കുന്നു.
ഐഇഡിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് 950 കാമ്പസ് ഇന്നൊവേറ്റര്‍മാരെ കൊണ്ടുപോയ 'ഇന്നൊവേഷന്‍ ട്രെയിന്‍' എന്ന ഹാക്കത്തോണ്‍ ശൈലിയിലുള്ള സെഷനുകളില്‍ തിരുവനന്തപുരത്തെ ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നുള്ള ആബിദ് എസ്, തിരുവനന്തപുരം സിഇടിയിലെ മുഹമ്മദ് റെന്‍സ് ഇക്ബാല്‍ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി.
കെഎസ്യുഎമ്മിന്റെയും കെ-ഡിസ്‌കിന്റെയും സംയുക്ത സംരംഭമായ ഐഇഡിസി ടാലന്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വ്യവസായ ഉപദേഷ്ടാക്കളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളില്‍ രണ്ട് മാസത്തെ നൈപുണ്യ വികസന, ത്വരിതപ്പെടുത്തല്‍ പരിപാടിയാണിത്. ആഗോള നൈപുണ്യ ദാതാക്കളായ ലിങ്ക്ഡ്ഇന്‍, കുര്‍സ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
നാസ സ്പേസ് ആപ്പ് ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മെറ്റിയര്‍ റിസ്ലേഴ്സ് (റിയാന്‍ റാസ്, സക്കീല്‍ ചുങ്കത്ത്, സഞ്ജയ് വര്‍ഗീസ്, ശ്വേതിന്‍ നികേഷ് കുമാര്‍, റോഷിത് റോബര്‍ട്ട്), സെലസ്റ്റ (ജനീറ്റ കാര്‍ഡോസ്, ആതിര എസ്, അപര്‍ണ ആന്റണി, മെല്‍വിന്‍ ജോര്‍ജ്ജ് മാത്യു, അബിഷ മറിയം ബിജു, സുമിത് മുരളിധരന്‍) എന്നിവരാണ് ചലഞ്ചിലെ ആഗോള ഫൈനലിസ്റ്റുകള്‍.
2026 മാര്‍ച്ച് 7 ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഐഇഡിസി സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2026 നടക്കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഉദ്ഘാടന സെഷനുശേഷം 'ഐഇഡിസി: കാമ്പസ് സെല്ലുകളില്‍ നിന്ന് വെഞ്ച്വര്‍ എഞ്ചിനുകളിലേക്ക് - ഭൂതകാലത്തില്‍ നിന്നുള്ള പാഠങ്ങള്‍, ഭാവിയിലേക്കുള്ള മാര്‍ഗരേഖ' എന്ന വിഷയത്തില്‍ പാനല്‍ സെഷന്‍ നടന്നു. അനൂപ് അംബിക, ഐഐഎം-കോഴിക്കോട് പ്രൊഫസര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ പ്രഭാഷകരായിരുന്നു. കെഎസ്യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ മോഡറേറ്ററായി.
വിദ്യാര്‍ത്ഥികളുടെ ആശയങ്ങളുടെ അവതരണത്തിനു പുറമേ എക്‌സ്‌പോ, പാനല്‍ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസ്, ഫയര്‍സൈഡ് ചാറ്റ് എന്നിവയും ഉച്ചകോടിയില്‍ നടന്നു.
സംരംഭകത്വത്തിലെ പരിചയം, പിന്തുണ, മെന്ററിംഗ് എന്നിവ നല്‍കുന്നതിലൂടെ ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളായും സാമൂഹിക സംരംഭങ്ങളായും വിപുലീകരിക്കാവുന്ന പരിഹാരങ്ങളായും മാറ്റാന്‍ ഐഇഡിസികള്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കി.
വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, സ്റ്റാര്‍ട്ടപ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉച്ചകോടിയുടെ ഭാഗമായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments