*കനാലിൽ വീണ ആംബുലന്‍സിൽ നിന്നു രോഗി നീന്തി രക്ഷപ്പെട്ടോ?*
പത്തനംതിട്ട : പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ആംബുലന്‍സ് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്ന രോഗിയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞതെന്നും, സംഭവം നടന്നപ്പോൾ രോഗി നീന്തി രക്ഷപ്പെട്ടെന്ന തരത്തിൽ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വാസ്തവമറിയാം.
_∙ അന്വേഷണം_
കനാലിലെ വെള്ളത്തിൽ വീണുകിടക്കുന്ന ഒരു ആംബുലന്‍സിന്റേതാണ് പ്രചരിക്കുന്ന ചിത്രം. ‘ഒരു അപകട വാർത്ത കേട്ട് ചിരി വരുന്നത് ആദ്യമായിട്ടാണ്. പത്തനം തിട്ടയിൽ ആംബുലൻസ് കനാലിലേക്ക് മറിഞ്ഞു! വെന്റിലേറ്ററിലായിരുന്ന രോഗി നീന്തി രക്ഷപ്പെട്ടു!!’ , എന്നാണ് അവകാശവാദം തുടങ്ങുന്നത്. ആശുപത്രികളെ വിമർശിച്ചുകൊണ്ടാണ് ഈ കുറിപ്പ് തുടരുന്നത്. ‘വെൻ്റിലേറ്ററിൽ അത്യാസന്ന നിലയിലായിരുന്ന രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് കനാലിലേക്ക് മറിഞ്ഞത്...കനാലിലെ തണുത്ത വെള്ളത്തിൽ നീന്തി രക്ഷപ്പെടാൻ മാത്രം ആരോഗ്യമുള്ള ഒരാൾക്ക് എന്തിനായിരുന്നു വെൻ്റിലേറ്റർ ചികിത്സ? ആധുനിക ചികിത്സാ രീതികൾ പലപ്പോഴും വെറും കച്ചവടമായി മാറുന്നുണ്ടോ? പണത്തിന് വേണ്ടി രോഗമില്ലാത്തവരേയും രോഗികളാക്കുന്ന ഒരു മാഫിയ നമുക്ക് ചുറ്റുമുണ്ടോ?...’ എന്നെല്ലാമാണ് അവകാശവാദം.
സന്ദേശത്തിൽ പറയുന്ന സംഭവത്തെക്കുറിച്ച് നടത്തിയ കീവേർഡ് പരിശോധനയിൽ ഏതാനും മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്‌തതായി കണ്ടെത്തി. ഇതിൽ പറയുന്നതുപ്രകാരം, ആശുപത്രിയിലെത്തിക്കാൻ വയോധികനായ രോഗിയുടെ അടുത്തേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൽ രോഗിയുണ്ടായിരുന്നില്ല. അപകടത്തിൽ ആളപായവുമുണ്ടായിട്ടില്ല. പത്തനംതിട്ടയിലെ മെഴുവേലിയിലാണ് സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം ആംബുലന്‍സ് അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ കഥയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. വൈറൽ ചിത്രം അപകടം നടന്നപ്പോഴുള്ളതാണ്.
_∙ വാസ്തവം_
പത്തനംതിട്ടയില്‍ ആംബുലന്‍സ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കനാലിൽ വീണ രോഗി നീന്തി രക്ഷപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന കഥ വ്യാജമാണ്. സംഭവം നടക്കുമ്പോൾ ആംബുലൻസിൽ രോഗിയുണ്ടായിരുന്നില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments