റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിൽ നിന്ന് 59 ലക്ഷം രൂപയുടെ വൻതുക അനുവദിച്ചു.
തിരുവനന്തപുരം: സാധാരണക്കാരന്റെ അപേക്ഷകൾ ചുവപ്പുനാടയിൽ കുരുങ്ങി മാസങ്ങളോളം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോൾ, മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തുന്നവർക്ക് ഫണ്ട് അനുവദിക്കാൻ പിണറായി സർക്കാരിന് മിന്നൽ വേഗം. റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിൽ നിന്ന് 59 ലക്ഷം രൂപയുടെ വൻതുക അനുവദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന്റെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടാണ് ഇത്രയും ഭീമമായ തുക അനുവദിച്ചത്.
ഫയൽ നീങ്ങിയത് 'റോക്കറ്റ്' വേഗത്തിൽ
സർക്കാർ ഓഫീസുകളിലെ സ്വാഭാവിക കാലതാമസങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ ഫയൽ നീങ്ങിയത്. ഫെബ്രുവരി 3-ന് കേരള ടൂറിസത്തെക്കുറിച്ച് 15 ദിവസത്തെ ക്യാമ്പയിൻ നടത്താൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി ടൂറിസം ഡയറക്ടർക്ക് അപേക്ഷ നൽകി. കൃത്യം 15 ദിവസത്തിനുള്ളിൽ, അതായത് ഫെബ്രുവരി 18-ന് ടൂറിസം ഡയറക്ടർ ഈ അപേക്ഷയിൽ അനുകൂലമായ ശുപാർശ നൽകി മന്ത്രിക്ക് കൈമാറി.
അവിടെയും തീർന്നില്ല അത്ഭുതം; ഫയൽ മന്ത്രിയുടെ കൈയ്യിലെത്തി വെറും രണ്ട് ദിവസത്തിനുള്ളിൽ (ഫെബ്രുവരി 20) മന്ത്രി അനുമതി നൽകുകയും 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) ചേർത്ത് 59 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
No comments