കേരള സ്റ്റോറി- 2 ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളത് - ഐ.എൻ.എൽ
കോഴിക്കോട് : കേരളത്തിൻ്റെ പേര് ഉപയോഗിച്ച് യഥാർത്ഥ സംഭവമാണെന്ന അവകാശവാദത്തോടെ, റിലീസിനെത്തുന്ന കേരള സ്റ്റോറി- 2 എന്ന സിനിമയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവമുള്ളതാണെന്ന് ഐ.എൻ.എൽ.
കേരളം മതമൈത്രി നിലനിൽക്കുന്ന സംസ്ഥാനമാണ്. എന്നാൽ സിനിമ നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന കേരളം മറ്റൊന്നാണ്. കേരളത്തിലുടനീളം മതം മാറ്റവും പീഡനങ്ങളും നടക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിനിമയെന്ന് ടീസറിൽ വെണ്ടക്ക അക്ഷരത്തിൽ പറയുന്നുണ്ട്. വർഗീയ വികാരം ആളിക്കത്തിക്കാനും സംഘർഷം സൃഷ്ടിക്കാനും ഇത് കാരണമായേക്കാം -ആവിഷ്കാര സ്വാതന്ത്ര്യം കണക്കിലെടുത്ത് കോടതി സാധാരണയായി ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ലെങ്കിലും സെൻസർ ബോർഡ് അതിൻ്റെ കർത്തവ്യം നിർവഹിക്കേണ്ട സന്ദർഭമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷ സംസ്കാരം മുറുകെപ്പിടിച്ച്, സമാധാനപരമായ ജീവിതം നയിക്കുന്ന കേരളത്തെ വിഷലിപ്തമാക്കാനും അതുവഴി സംഘർഷഭരിതമാക്കാനുമുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്ന് വളരെ വ്യക്തമാണ്. കേരളത്തെ ഉന്നം വെച്ച് കൊണ്ടുള്ള വർഗീയവൽക്കരണത്തിനെതിരെ കൂട്ടായ പ്രതിരോധം അനിവാര്യമാണ്. ഈ കലാ വൈകൃതം ഇന്ത്യയിൽ ഒരിടത്തും പ്രദർശിപ്പിക്കാൻ അനുവദിച്ചു കൂടാ. സമൂഹങ്ങളെ തമ്മിലകറ്റാനും ഭിന്നിപ്പിക്കാനുമുള്ള ക്ഷുദ്ര നീക്കങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു
No comments