Breaking News

*പിണറായിക്കും ഭാര്യയ്ക്കും 1.06 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ കയ്യിലുള്ളത് 10,000 രൂപ, ഭാര്യയുടെ കയ്യിൽ 5000 രൂപ*

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപം. ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്തു വിവരം നൽകിയിട്ടുള്ളത്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിവയാണു കാണിച്ചിട്ടുള്ളത്.

10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യിൽ 5000 രൂപയും. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. മലയാളം കമ്യൂണിക്കേഷനിൽ 10,000, 20,000 രൂപ വീതവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 2 ലക്ഷത്തിന്റെയും ഓഹരികളുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വർണാഭരണമുണ്ട്.

എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ 3 അക്കൗണ്ടുകളിലായി 6312, 1,81,822, 2000 രൂപ വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപയും മുഖ്യമന്ത്രിക്ക് നിക്ഷേപമുണ്ട്.

പിണറായിക്കെതിരെ 3 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകി. ഇന്നലെ രാവിലെ 11ന് തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിലെത്തിയാണ് പത്രിക നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യ നാമനിർദേശ പത്രികയുമാണ് ഇത്.

ഇതു മൂന്നാം തവണയാണ് പിണറായി ധർമടത്ത് മത്സരിക്കുന്നത്. നേരത്തേ 3 തവണ കൂത്തുപറമ്പിലും ഒരുതവണ പയ്യന്നൂരിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.

സ്പീക്കർ എ.എൻ.ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.ശശി, കൊച്ചുമകൻ ഇഷാൻ വിജയൻ, അടുത്ത സുഹൃത്ത് കെ.ടി.വാസു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മകൾ വീണ ഒപ്പമെത്തിയെങ്കിലും വാഹനത്തിൽനിന്നു പുറത്തിറങ്ങിയില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments