*പശ്ചിമേഷ്യയിൽ യുദ്ധഭീതി; 11 രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിർദ്ദേശം*
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇറാൻ, ഇസ്റാഈൽ, യുഎസ് പോരാട്ടം മുറുകുന്ന സാഹചര്യത്തിൽ മേഖലയിലെ 11 രാജ്യങ്ങളുടെ വ്യോമാതിർത്തികൾ ഒഴിവാക്കാനാണ് നിർദ്ദേശം.
ഇറാനും യുഎസ്-ഇസ്റാഈൽ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യൻ ആകാശത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പശ്ചിമേഷ്യയിലെയും പേർഷ്യൻ ഗൾഫിലെയും 11 രാജ്യങ്ങളുടെ വ്യോമാതിർത്തികൾ ഒഴിവാക്കാൻ ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. 2026 മാർച്ച് 28 വരെയാണ് ഈ നിർദ്ദേശം പ്രാബല്യത്തിലുള്ളത്.
താഴെ പറയുന്ന രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള എല്ലാ ഉയരങ്ങളിലുമുള്ള വിമാന സർവീസുകൾ ഒഴിവാക്കാനാണ് നിർദ്ദേശം:
ഇറാൻ,ഇറാഖ്,ഇസ്റാഈൽ,ജോർദാൻ,ലെബനൻ,
കുവൈത്ത്,സഊദി അറേബ്യ,യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ),ബഹ്‌റൈൻ,ഖത്തർ,ഒമാൻ ഇതിനു പുറമെ, സിറിയ, യെമൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി സംബന്ധിച്ച മുൻകാല മുന്നറിയിപ്പുകളും നിലനിൽക്കും.
സഊദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ FL320 (32,000 അടി) ന് താഴെയുള്ള വിമാന സർവീസുകൾ പൂർണ്ണമായും ഒഴിവാക്കണം. മേഖലയിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കൃത്യമായ പ്ലാനുകൾ (Contingency Planning) തയ്യാറാക്കണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു.
ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ സൈനിക ആക്രമണങ്ങൾ സിവിൽ ഏവിയേഷൻ മേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുദ്ധസാഹചര്യത്തിൽ മിസൈലുകൾ ലക്ഷ്യം തെറ്റാനോ പ്രവർത്തന അപാകതകൾ സംഭവിക്കാനോ സാധ്യതയുണ്ട്. ഇറാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഈ മാസം ആദ്യം ഇറാൻ സുപ്രീം നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ആക്രമണങ്ങളിൽ നഷ്ടപ്പെട്ടത് മേഖലയിലെ സംഘർഷം മൂന്നാം ആഴ്ചയിലും സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
വിമാനക്കമ്പനികൾ റൂട്ടുകൾ മാറ്റുന്നത് അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാസമയത്തിലും ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയേക്കാം. വിമാനക്കമ്പനികൾ പുറപ്പെടുവിക്കുന്ന 'നോട്ടാം' (NOTAM), എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷനുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments