* ലക്ഷ്മി പ്രിയക്ക് പിറകേ വീണാ നായര്‍ക്കും വോട്ടില്ല;* *വെട്ടിലായി ട്വന്റി-20*
വലിയ പ്രചാരണ കോലാഹലവുമായി വന്ന ട്വന്റി-20ക്ക് വീണ്ടും അമളി. പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിന്റെ നാണക്കേട് മാറും മുമ്പ് മറ്റൊരു സ്ഥാനാർഥിക്ക് കൂടി സമാന പ്രതിസന്ധി. ചെങ്ങനാശ്ശേരിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിനിമ താരം വീണ നായരുടെ പേരാണ് അവസാന ഘട്ടത്തിൽ വോട്ടർ പട്ടികയിൽ ഇല്ലെന്ന് വ്യക്തമായത്. ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിഞ്ഞേക്കില്ല.
അനിശ്ചിതത്വത്തെ തുടർന്ന് പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്‌മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു. അവസാന നിമിഷത്തിൽ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. പകരം സ്ഥാനാർഥിയെ കണ്ടെത്താനായി പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു.
സിനിമ താരവും 'അമ്മ' സംഘടനയുടെ വൈസ് പ്രസിഡൻറുമായ ലക്ഷ്‌മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരിൽ അവതരിപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്‌നം തിരിച്ചടിയാവുകയായിരുന്നു.
നേരത്തെ ബിജെപി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുൻനിർത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാർഥിയായത്. പെരുമ്പാവൂർ തന്റെ അയൽപക്കമാണെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയാമെന്നും അവർ മുൻപ് വ്യക്തമാക്കിയിരുന്നു.
സിനിമാ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവർ തന്റെ പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചിരുന്നു.എന്നാൽ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ആയതിനുശേഷം മാത്രമേ ഇനി പ്രചാരണ രംഗത്ത് സജീവമാകാൻ ഇരുവർക്കും സാധിക്കൂ.
രണ്ടാമതൊരു താരത്തിന് കൂടി വോട്ടില്ലെന്ന് വ്യക്തമായതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ എന്നാണ് പലരുടെയും ചോദ്യം. ലക്ഷ്മി പ്രിയ ഇല്ലെങ്കിൽ മമ്മൂട്ടിയും മോഹൻ ലാലും എന്ത് ചെയ്യും എന്നും ചിലർ പരിഹസിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments