*സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, അതിക്രമം കാരവാനിൽ, ബിഎൻഎസ് 75 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ്*
കൊച്ചി : യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്പിയുടെ നിർദ്ദേശ പ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി നീങ്ങിയ പൊലീസ് സംഘം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് നടി മൊഴി നൽകി. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് വിധേയയായിരുന്നു. തുടർന്നാണ് പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചത്.
മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിലെത്തി നടി വിശദമായ മൊഴി നൽകിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. കേസിൽ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 75: മാനഭംഗം, ബിഎൻഎസ് 75(1): ലൈംഗിക അതിക്രമം, ബിഎൻഎസ് 79: അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, വാക്കുകൾ പ്രയോഗിക്കുക വ്യക്തിയെ നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. ഇതിനുപിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ എസ്ഐടിയുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments