കഠിനമായ ചൂട്,ഒപ്പം ജലക്ഷാമവും: നോക്കുകുത്തികളായി മൊഗ്രാലിൽ കുടിവെള്ള പദ്ധതികളും, ജലസംഭരണികളും.
മൊഗ്രാൽ : നാടും നഗരവും ജലക്ഷാമത്തിലമരു മ്പോൾ മൊഗ്രാലിൽ നോക്കുകുത്തിയായി ജലസംഭരണികളും, പദ്ധതികളും.ഈ വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ അധികഠിനമായ വേനൽ അനുഭവപ്പെടുമ്പോഴാണ് നാട് നീളെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാറുണ്ട്. എന്നാൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളിൽ പൂർത്തീകരണത്തിന് നടപടികൾ ഉണ്ടാകാറില്ല. ലക്ഷങ്ങൾ ചിലവഴിച്ചു പണിത ജലസംഭരണികളാകട്ടെ നോക്കുകുത്തികളായി വിവിധ ഭാഗങ്ങളിൽ നിൽക്കുന്നുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടുകൂടി ഏപ്രിൽ 9 കഴിയാതെ ശുദ്ധജലം വിതരണം നടത്താനാവാത്ത അവസ്ഥയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. അതുവരെ വെള്ളം കിട്ടാതെ പ്രയാസപ്പെടേണ്ടി വരുമെന്ന സങ്കടത്തിലാണ് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബാംഗങ്ങൾ.
താപനില ഉയർന്നതോടെ കിണറുകളിലെ വെള്ളമൊക്കെ വറ്റിവരണ്ടു തുടങ്ങിയിട്ടുണ്ട്. കുഴൽക്കിണറുകളിലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. മുൻകാലങ്ങളിലൊക്കെ കുഴൽക്കിണറുകൾ നന്നാക്കാനും പഞ്ചായത്തിന്റെ പൊതു കിണറുകൾ ശുചീകരിക്കാനും നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്രാവശ്യം അതുമുണ്ടായിട്ടില്ല.
മൊഗ്രാൽ ഗാന്ധി നഗറിൽ രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണി നോക്കുകുത്തിയായി നിൽക്കുന്നു.ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. മൊഗ്രാൽ ബണ്ണാത്തം കടവിലെ എസ് സി വിഭാഗക്കാർ താമസിക്കുന്ന കോളനിയിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം വർഷങ്ങൾക്കു മുമ്പ് കുത്തുബീനഗറിൽ സ്ഥാപിച്ച ജലസംഭരണിയും നോക്കുകുത്തിയായി തന്നെ നിൽക്കുന്നു. ഇവിടെ എസ് സി കോളനിയിലെ കുഴൽക്കിണറുകളും പ്രവർത്തനരഹിതമായി കിടപ്പുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ശുദ്ധജലമെത്തിക്കാൻ തദ്ദേശസ്വയംബര സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഫോട്ടോ: നോക്കുകുത്തിയായി മാറിയ മൊഗ്രാൽ ഗാന്ധി നഗറിലെയും, കുത്തുബീനഗറിലെയും ജലസംഭരണികൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments