Breaking News

*ഹുർമുസ് അടച്ചതായി ഇറാൻ, കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം; മൂന്നു കപ്പലുകൾ തിരിച്ചയച്ചു*

ഹുർമുസ് കടലിടുക്ക് അടച്ചതായും അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ റവലൂഷനറി ഗാർഡിന്‍റെ മുന്നറിയിപ്പ്. 


ശത്രുക്കളായ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും പിന്തുണക്കുന്നവരുടെയും കപ്പലുകൾക്ക് ഹുർമുസ് വഴിയുള്ള ഗതാഗതം നിരോധിച്ചതായി ഐ.ആർ.ജി.സി അറിയിച്ചു.ഹുർമുസ് കടക്കാൻ ശ്രമിച്ച മൂന്നു കണ്ടെയ്നർ കപ്പലുകൾ തിരിച്ചയച്ചു. കരയുദ്ധത്തിന് ഒരുങ്ങുന്നതിന്‍റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഐ.ആർ.ജി.സി ഹുർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
നേരത്തെ, ഇറാന്‍റെ ഊർജ ഉൽപാദന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് 10 ദിവസവും കൂടി നീട്ടിയെന്ന് ട്രംപ് അറിയിച്ചിരുന്നു. ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന ഹുർമുസ് ചരക്കുകടത്ത് പുനഃസ്ഥാപിക്കാനായി യു.എസ് നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തിൽ തന്നെ നേരിടാനാണ് ഇറാൻ തയാറെടുക്കുന്നത്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും യു.എസ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽനിന്ന് ജനം എത്രയും വേഗം മാറിത്താമസിക്കണമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി.
അതേസമയം, യു.എസും ഇറാനും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നതായി ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പാകിസ്താനിൽ ഉടൻ കണ്ടുമുട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നമ്മുടേതല്ലെന്നും പങ്കാളിത്തം വഹിക്കില്ലെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാൻ, അമേരിക്ക നേതാക്കളുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശയവിനിമയം തുടരുന്നതായും ഫ്രാൻസ് വ്യക്തമാക്കി. സിവിലിയന്മാരെ ലക്ഷ്യമിട്ടാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1900ലധികം പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്‍റ് അറിയിച്ചു. 20,000ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഗോള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് വഴി പോകാൻ കപ്പലുകൾക്ക് നിശ്ചിത ഫീസ് ചുമത്തുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്
എന്നാൽ, ഇത് നേരിടാൻ കൂടുതൽ മറീനുകളുമായി അമേരിക്കൻ യുദ്ധക്കപ്പൽ യു.എസ്.എസ് ട്രിപ്പളി പശ്ചിമേഷ്യൻ കടലിനരികെ എത്തിയിട്ടുണ്ട്. 82ാം എയർബോൺ ഡിവിഷനിലെ 1,000ലേറെ പാരാട്രൂപ്പർമാരെയും പുതിയതായി പശ്ചിമേഷ്യയിലെത്തിക്കുന്നുണ്ട്. ഭാവിയിൽ ഹുർമുസ് കടക്കുന്ന എല്ലാ കപ്പലുകൾക്കും നിശ്ചിത ഫീസ് ചുമത്തുന്ന നിയമം ഇറാൻ പാർലമെന്റിൽ അവസാന ഘട്ടത്തിലാണ്. അവക്ക് നൽകുന്ന സുരക്ഷക്ക് തുക നൽകേണ്ടിവരുക സ്വാഭാവികമാണെന്നാണ് ഇറാൻ നിലപാട്.

കപ്പലുകൾ, യാത്രക്കാരെ കുറിച്ച വിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ മാത്രമല്ല കപ്പലിനെ കുറിച്ച വിവരങ്ങളും നൽകേണ്ടിവരും. മാർച്ച് ആദ്യത്തിൽ വിലക്കുവീണ ശേഷം എണ്ണയുമായി കടന്നുപോയ രണ്ട് കപ്പലുകൾ യുവാനിൽ ഇറാന് തുക നൽകിയതായാണ് റിപ്പോർട്ട്. ഹുർമുസിൽ ഇറാൻ പുലർത്തുന്ന സമ്പൂർണ ആധിപത്യം പുതിയ പ്രതിസന്ധിക്ക് പിന്നാലെ എണ്ണവില കുത്തനെ ഉയർത്തിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments