Breaking News

കേരളത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ കർണാടക വാദിയായിരുന്നു

കാസർ​ഗോഡ് : കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇടതു മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ചില മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെച്ച് ദേശീയ ജനാധിപത്യ സഖ്യവും മത്സരരം​ഗത്തുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരേയൊരാൾ മാത്രമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതും ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ. കർണാടക പ്രാന്തീയ സമിതി സ്ഥാനാർത്ഥിയായ എം ഉമേഷ് റാവുവാണ് കേരളത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക എംഎൽഎ. 


കർണാടകയിലെ കാർക്കള താലൂക്കിലെ മുഡ്ബിദ്രെ സ്വദേശിയായിരുന്നു ഉമേഷ് റാവു. ദക്ഷിണ കാനറയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉമേഷ് റാവു ക്വിറ്റ് ഇന്ത്യ സമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാ​ഗമായി നിരവധി തവണ ജയിൽവാസവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ദക്ഷിണ കാനറ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗമായിരുന്നു. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കാസർകോട് താലൂക്ക് കേരളത്തിൽ ലയിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. കാസർ​കോടിനെ കർണാടകയുടെ ഭാ​ഗമാക്കണമെന്ന ആവശ്യവുമായി കർണാടക പ്രാന്തീയ സമിതിയുടെ ഭാ​ഗമായി പിന്നീട് പ്രവർത്തിച്ചു. കാസർകോടിനെ കർണാടകയിൽ ചേർക്കാൻ പ്രക്ഷോഭം നയിച്ച ഉമേഷ് റാവു എങ്ങനെ ആദ്യ കേരള നിയമസഭയിൽ എതിരില്ലാതെ വിജയിച്ചെത്തി? ആ ചരിത്രം നമുക്കൊന്ന് അറിഞ്ഞുവരാം..


ഐക്യകേരളം നിലവിൽ വന്നശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. 127 നിയമസഭാ മണ്ഡലങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. വടക്കേ അറ്റത്ത് കർണാടകയോട് ചേർന്ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 1956ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തന്നെ മഞ്ചേശ്വരം നിയമസഭാ മണ്ഡലവും നിലവിൽ വന്നിരുന്നു. കാസർകോട് താലൂക്കിലെ മഞ്ചേശ്വരം ഫർക്കായും മധൂർ, പാട്ല, ബേല, നെതിൻജേ, ബെല്ലൂർ വില്ലേജുകൾ ഒഴികെയുള്ള കുമ്പള ഫർക്കായും ആണ് അന്ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുണ്ടായിരുന്നത്. 


1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയായിരുന്നു കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. 1957 ഫെബ്രുവരി 28നായിരുന്നു മഞ്ചേശ്വരത്തെ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി നാലും. എം. ഉമേഷ് റാവു, ഡോ. എ. സുബ്ബറാവു, യു. പി. അബ്‌ദുൽ ഖാദർ, അഹമ്മദ് ഹനി ഷെറിഫ് എന്നിവർ പത്രിക സമർപ്പിച്ചു. കർണാടക പ്രാന്തീയ സമിതി നേതാവായിരുന്ന ഉമേഷ് റാവു സ്വതന്ത്ര സ്ഥാനാർത്ഥി എന്നായിരുന്നു പത്രികയിൽ രേഖപ്പെടുത്തിയിരുന്നത്. 

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി നാലായിരുന്നു. ഡോ. എ. സുബ്ബറാവു, യു. പി. അബ്‌ദുൽ ഖാദർ, അഹമ്മദ് ഹനി ഷെറിഫ് തുടങ്ങിയവർ പിന്നീടു പിൻവലിക്കുകയായിരുന്നു.  ഫെബ്രുവരി നാലിനു മത്സരരംഗത്ത് അവശേഷിച്ചതു സ്വതന്ത്രനായ ഉമേഷ് റാവു മാത്രം. അങ്ങനെ ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ വിജയി എന്നതിനോടൊപ്പം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം എന്ന റെക്കോർഡും എം. ഉമേഷ് റാവു നേടി. ഇവിടെ നമ്മൾ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യമുണ്ട്; കേരളത്തിലെ ആദ്യ നിമയസഭാം​ഗം കർണാടക സ്വദേശിയും കാസർകോടിനെ കർണാടകയോട് ചേർക്കാനായി പ്രക്ഷോഭം നയിച്ച നേതാവുമായിരുന്നു. 

1898 ഒക്ടോബർ 25ന് ജനിച്ച അദ്ദേഹം 1968 ഏപ്രിൽ 22ന് നിര്യാതനായി. കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവായി ഇന്നും ഈ കർണാടകവാദി നിലകൊള്ളുന്നു. 

No comments