Breaking News

*കോണ്‍ഗ്രസ് അജണ്ടയില്‍എല്‍ഡിഎഫ് പതറുമോ..?*

കോണ്‍ഗ്രസ് സെറ്റ് ചെയ്യുന്ന അജണ്ടയില്‍ എല്‍ഡിഎഫ് പതറുമോ... അതോ ശക്തമായി തിരിച്ചടിക്കുമോ... സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോൾ ഉന്നയിക്കുന്നത്. എന്നാൽ കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തില്‍ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. പാലക്കാട്ട് മാത്രമല്ല റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ് അടക്കമുള്ള മണ്ഡലങ്ങളില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി വോട്ട് മറിക്കല്‍ ആരോപണമായിരുന്നു കോണ്‍ഗ്രസ് ആദ്യം ഉയര്‍ത്തിയത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഘടകകക്ഷികളെ മത്സരിപ്പിക്കുന്ന രീതി എന്‍ഡിഎ സ്വീകരിച്ചതാണ് ഡീല്‍ ആരോപണത്തിന് ശക്തിയേകിയത്. ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ട് നേടിയ കോന്നി ഇത്തവണ ബിഡിജെഎസിന് വിട്ടുകൊടുത്തത് ഡീലിന് തെളിവായി കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നു. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20-ക്ക് കൈമാറിയതാണു മറ്റൊന്ന്. ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ഘടകകക്ഷിയായ ട്വന്റി-20 ബിജെപി സീറ്റ് നല്‍കിയതിലും കോണ്‍ഗ്രസ് സംശയമുന്നയിക്കുന്നു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമുള്ള ട്വന്റി-20 സ്ഥാനാര്‍ഥിയുടെ നിലപാട് ചൂണ്ടിക്കാട്ടി കൂടിയാണ് സിപിഎമ്മിനും ബിജെപിക്കും നേരെ കോണ്‍ഗ്രസിന്റെ ചോദ്യമുന. മാത്രമല്ല മാസ്‌ക്കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും പൂരംകലക്കലും തൃശൂര്‍ സീറ്റിലെ ബിജെപിയുടെ വിജയവുമെല്ലാം വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിടുകയും ചെയ്യുന്നു. എന്നാൽ കടുത്ത പ്രതികരണങ്ങള്‍ക്കു മുതിര്‍ന്ന ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞദിവസം അല്പം മയപ്പെട്ടു. ചില സമുദായങ്ങളുടെ വോട്ട് നേടാനുള്ള നീക്കമാണ് വിവാദങ്ങളെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയവും കോണ്‍ഗ്രസ് ആയുധമാക്കുന്നു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ മത്സരിക്കുന്ന ഏറ്റുമാനൂരില്‍ 'സ്വര്‍ണ്ണം കട്ടവര്‍ ആരപ്പാ' പാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി നട്ടകം സുരേഷിന്റെ പ്രചാരണ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാരടി ഗാനം എല്‍ഡിഎഫിന് കനത്ത പ്രഹരം ഏല്പിച്ചിരുന്നു. അതേസമയം, ജി.സുധാകരനെതിരെ മുഖ്യമന്ത്രിയുടെ ചെറ്റത്തരം പ്രയോഗത്തിന് പിന്നാലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയതും കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആയുധമാക്കുന്നു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments