Breaking News

*വി കുഞ്ഞികൃഷ്ണന്റെ ഓഫീസ് ഭീഷണിയെ തുടർന്ന് പൊളിച്ചുമാറ്റിയെന്ന ആരോപണം; പരാതി നല്‍കി എല്‍ഡിഎഫ്*

കണ്ണൂര്‍ : പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ ഓഫീസ് ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുമാറ്റിയെന്ന ആരോപണത്തില്‍ പരാതിയുമായി പൊലീസിനെ സമീപിച്ച് എല്‍ഡിഎഫ്. വി കുഞ്ഞികൃഷ്ണന്റേത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് എന്നാണ് പരാതി.

 സമൂഹത്തില്‍ കലാപമുണ്ടാക്കുകയാണ് കുഞ്ഞികൃഷ്ണന്റെ ആരോപണത്തിന്റെ ലക്ഷ്യമെന്നും യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം ആരോപണമുന്നയിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പ്രവര്‍ത്തകരോ നേതാക്കളോ സ്ഥലം നല്‍കിയതിന് എതിരായി സംസാരിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. 

എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് പൊളിച്ചുമാറ്റിയിരുന്നു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട് പൊളിച്ച് മാറ്റണമെന്നും സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊളിച്ചതെന്നാണ് വി കുഞ്ഞികൃഷ്ണൻ പറഞ്ഞത്. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഉടമയും വ്യക്തമാക്കിയിരുന്നു. 

കോത്തായി മുക്കിലായിരുന്നു താൽക്കാലിക ഓഫീസ് കെട്ടാൻ തുടങ്ങിയിരുന്നത്. ഇത് പൊളിച്ചുമാറ്റാൻ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരാണെന്നാണ് വി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. കുഞ്ഞികൃഷ്ണനൊപ്പം നിന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന് ഒപ്പമുള്ള സിപിഐഎം വിമതർ വെളിപ്പെടുത്തുന്നുണ്ട്.ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് വി കുഞ്ഞികൃഷ്ണന്‍റെ പ്രതികരണം. 

തങ്ങൾ കാരണം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് ഓഫീസ് പൊളിച്ച് നീക്കിയത് എന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണൻ. 

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments