*സ്വന്തം വീട്ടില്‍ നമസ്‌കാരം തടയുന്നത് മൗലികാവകാശ ലംഘനം; സായുധ പോലിസ് സുരക്ഷ ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി*
പ്രയാഗ് രാജ് : സ്വന്തം വീട്ടില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിക്ക് 24 മണിക്കൂറും സായുധ സുരക്ഷ ഉറപ്പാക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഹസീന്‍ ഖാന്‍ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ സ്വത്തിനും ഏതെങ്കിലും തരത്തിലുള്ള പോറലേറ്റാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് സിദ്ധാര്‍ഥ് നന്ദന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹസീന്‍ ഖാന് 24 മണിക്കൂറും സുരക്ഷയൊരുക്കാന്‍ രണ്ട് സായുധ ഗാര്‍ഡുകളെ നിയോഗിക്കണം. അദ്ദേഹം എവിടെ പോയാലും ഈ ഗാര്‍ഡുകള്‍ കൂടെയുണ്ടാകണം. ഖാന്റെ ശരീരത്തിനോ സ്വത്തിനോ എന്തെങ്കിലും അതിക്രമം സംഭവിച്ചാല്‍, അത് പ്രാഥമികമായി സര്‍ക്കാരിന്റെ ഒത്താശയോടെ നടന്നതായി കണക്കാക്കപ്പെടും. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതവിശ്വാസം പിന്തുടരുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. സ്വന്തം വീടിനുള്ളില്‍ നിസ്‌കരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. സ്വന്തം വീട്ടില്‍ നമസ്‌കരിക്കാന്‍ അനുമതി തേടി ഹസീന്‍ ഖാന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് സ്വകാര്യ സ്ഥലത്തെ പ്രാര്‍ഥനയ്ക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ്. എന്നാല്‍, വീട്ടില്‍ നമസ്‌കരിച്ചുകൊണ്ടിരുന്ന ഖാനെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോവുകയും പിഴ ചുമത്തുകയും ചെയ്തതായി പരാതിയുയര്‍ന്നു. കൂടാതെ, വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഒഴിഞ്ഞ പേപ്പറുകളില്‍ ബലമായി വിരലടയാളം വാങ്ങിയതായും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. ഇതിനെതിരെയാണ് ഹസീന്‍ ഖാന് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്. ഹസീന്‍ ഖാന്‍ നിരക്ഷരനാണെന്നത് പോലിസ് ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. ഉത്തരവ് ലംഘിച്ചതിന് ബറേലി ജില്ലാ മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരോട് മാര്‍ച്ച് 23-ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. അന്ന് കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments