Breaking News

*പുലിവാല് പിടിക്കുന്ന*വാവിട്ട വാക്കുകള്‍*

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരില്‍ പലരുടെയും നാക്കിന് ലൈസൻസ് നഷ്ടപ്പെടുന്ന അവസ്ഥയാണ്.  രാഷ്ട്രീയ പ്രസംഗങ്ങളില്‍ അവർ നടത്തുന്ന പ്രയോഗങ്ങള്‍ പലതും പിന്നീട് വിവാദമാകുകകയും പല സ്ഥാനാർഥികളുടെയും ജയ പരാജയത്തെ തന്നെ ഇത്തരം പ്രയോഗങ്ങൾ ബാധിക്കുന്നതായും കാണാറുണ്ട്. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. ഇതിന് പാർട്ടി വ്യത്യാസമില്ല. നമ്മുടെ നേതാക്കള്‍ക്ക് ഇതെന്തുപറ്റി എന്നു തോന്നിപ്പിക്കുന്ന ചില പരാമർശങ്ങളും വാക് പ്രയോഗങ്ങളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. പരസ്പര ബഹുമാനം തെല്ലുമില്ലാതെ എതിർ പാർട്ടിക്കാരോടുള്ള ക്ഷോഭമോ നീരസമോ പ്രകടിപ്പിക്കാൻ പൊതുവേദിയില്‍ ഇവർ പറയുന്ന വർത്തമാനങ്ങള്‍ ഇക്കാലത്ത് ഏറെ വൈറലാകുന്നു. സോഷ്യല്‍ മീഡിയ ചാരക്കണ്ണുമായി പിറകെയുള്ള പുതിയ കാലത്ത് രാഷ്ട്രീയ നേതാക്കള്‍ സംയമനം പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

*മുഖ്യമന്ത്രി - ജി.സുധാകരൻ വാക്പോര്*

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി.സുധാകരനും തമ്മിലുള്ള വാക്പോര് ഏറെ വൈറലായി. മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് സുധാകരനെതിരെ പറഞ്ഞത്. സുധാകരൻ കാണിച്ചത് ചെറ്റത്തരം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിയുടെ പരാമർശത്തോട് ജി.സുധാകരൻ പ്രതികരിച്ചത് ചെറ്റ എന്നു വിളിച്ചതില്‍ അഭിമാനമുണ്ടെന്നും പാവങ്ങളുടെ വീടാണ് ചെറ്റയെന്നും താനും അത്തരമൊരു സാഹചര്യത്തില്‍നിന്നുവന്നയാളാണെന്നുമാണ്. ജി.സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞത് ചാരുതയാർന്ന വാക് പ്രയോഗമെന്നാണ് സിപിഎം പിബി അംഗം എ.വിജയരാഘവൻ അതിനെ ന്യായീകരിച്ചത്.

*എം.എം മണിയുടെ പ്രയോഗങ്ങള്‍*

എന്തും വിളിച്ചു പറയുന്നതില്‍ സിപിഎം നേതാവ് എം.എം.മണി പണ്ടേ പേരുകേട്ടയാളാണ്. ഇത്തവണയും മണിയുടേതായി പരാമർശങ്ങള്‍ വന്നു കഴിഞ്ഞു. ജി.സുധാകരൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിനെതിരേ എം.എം.മണി പ്രതികരിച്ചത് മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട കാര്യമില്ലെന്നും പാർട്ടിക്കെതിരെ റിബലായി മത്സരിക്കുന്നത് ശരിയല്ലെന്നും ജി.സുധാകരൻ ചെയ്യുന്നത് തന്തയില്ലാത്ത പരിപാടിയാണെന്നുമായിരുന്നു.

*യു.പ്രതിഭയ്ക്കെതിരായ പരാമർശം*

കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്കെതിരെ യുഡിഎഫിന്റെ മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ എ.ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഏറെ വിവാദമായി. ശരീര അഴക് കൊണ്ടും വാക്ചാതുര്യം കൊണ്ടും വോട്ട് പിടിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ ഇർഷാദിനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. യുഡിഎഫ് ഇലക്ഷൻ മണ്ഡലം കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

*ഹിന്ദു എംഎല്‍എ*

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ വീഡിയോയില്‍ ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്നുള്ള ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയും മുതിർന്ന ബിജെപി നേതാവുമായ ബി. ഗോപാലകൃഷ്ണന്റെ പരാമർശമാണ് മറ്റൊരു വിവാദം. ഗുരുവായൂരില്‍ 48 ശതമാനം ഹിന്ദുക്കളാണെന്നും കഴിഞ്ഞ 50 വർഷമായി ഇടതു-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെപ്പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബി. ഗോപാലകൃഷ്ണനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

*പിഷാരടി കോമാളിയെന്ന്*

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ കോമാളി എന്ന് പരിഹസിച്ചാണ് മുൻ മന്ത്രി തോമസ് ഐസക് വിവാദത്തിലായത്. പാലക്കാട് കോമാളി വേഷംകെട്ടി നടക്കുന്നവരെ പിടിച്ച്‌ മത്സരിപ്പിച്ചിട്ട് അയ്യോ ഞങ്ങള്‍ക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് എല്‍ഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവുമുണ്ടോ..? എന്നാണ് തോമസ് ഐസക് ചോദിച്ചത്. വിഷയം വിവാദമായതോടെ പരാമർശത്തില്‍ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു. തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയായി സമരം ചെയ്താല്‍ കിട്ടുന്ന കാര്യമല്ല സംസ്ക്കാരമെന്നും നാടകത്തില്‍കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവർക്ക് ഇപ്പോള്‍ അസഹിഷ്ണുതയാണെന്നും പിഷാരടി പ്രതികരിച്ചു.

*വീട്ടില്‍ പോയി*
*ചോദിച്ചാല്‍ മതി*

കഴിഞ്ഞ ദിവസം കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് സദസില്‍നിന്ന് ഒരു ശബ്ദമുയർന്നു. സിഎമ്മേ ഒരു ചോദ്യം, ചോദിച്ചു തീരുംമുൻപേ മറുപടിയും വന്നു അത് വീട്ടില്‍പോയി ചോദിച്ചാല്‍ മതി. പിന്നീട് അതിനെ ന്യായീകരിച്ചും അദ്ദേഹം രംഗത്തുവന്നു. ഓരോ കാര്യത്തിനും ഓരോ മര്യാദയുണ്ടെന്നും അത് പാലിക്കണമെന്നുമായിരുന്നു പിണറായിയുടെ വാദം.

*നേതാക്കൾ മുൻപും പരാമർശങ്ങളില്‍ കുടുങ്ങി*

വിവാദ പരമാർശങ്ങളില്‍ കുടുങ്ങി നേതാക്കള്‍ മുൻപും പുലിവാല്‍ പിടിച്ചിട്ടുണ്ട്. 2008-ല്‍ പാർട്ടിയില്‍നിന്ന് പുറത്തു പോവുകയും ആർഎംപി രൂപീകരിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്നാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ വിളിച്ചത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആർഎസ്പി മുന്നണി മാറി യുഡിഎഫിലേക്ക് പോയതായിരുന്നു പരനാറി പ്രയോഗത്തിന് വഴിവെച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി കൊല്ലം സീറ്റില്‍ എൻ.കെ പ്രേമചന്ദ്രൻ മത്സരിക്കാനിടയായതാണ് പിണറായി വിജയനെ ചൊടിപ്പിച്ചതും ആ പരാമർശത്തിലേക്ക് നയിച്ചതും. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയാണ് സിപിഎം നേതാവ് എ.വിജയരാഘവൻ വെട്ടിലായത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാർഥി രമ്യാ ഹരിദാസ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പോയി കണ്ടെന്നും ആ കുട്ടിയുടെ ഭാവി ഇനി എന്താകുമോ എന്തോ എന്നുമാണ് വിജയരാഘവൻ പറഞ്ഞത്. 2019-ല്‍ നടന്ന അരൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചാണ് അന്ന് മന്ത്രികൂടിയായിരുന്ന ജി.സുധാകരൻ വിവാദത്തിലായത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ, കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാൻ നോക്കുന്നതെന്നാണ് ജി.സുധാകരൻ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുടുംബ സംഗമത്തിലായിരുന്നു സുധാകരന്റെ ആ പരാമർശം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments