*ബ്ലാക്ക് സ്പോട്ടിൽ വീണ്ടും അപകടം: നല്ലളത്ത് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഇങ്ങനെ*
ചെറുവണ്ണൂർ| : നല്ലളത്ത് കാർ നിയന്ത്രണംവിട്ടു ലോറിയിലിടിച്ചു 4 യുവാക്കൾക്കു ദാരുണാന്ത്യം. സുഹൃത്തുക്കളും ഫാറൂഖ് കോളജ് സ്വദേശികളുമായ മേലേവാരം അമ്പാടിയിൽ കളിപ്പറമ്പിൽ കെ.അജീഷ് (മുത്തു–35), പാറപ്പുറവൻ ശ്യാംലാൽ (വാവുട്ടി–33), നന്മയിൽ കളിപ്പറമ്പിൽ വിമൽകുമാർ (36), രാമനാട്ടുകര സേവാമന്ദിരം സ്കൂളിനു സമീപം പരിയാപുരത്ത് ദിനിൽ (31) എന്നിവരാണു മരിച്ചത്. കാർ ഓടിച്ച, പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിനിനെ (33) ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനാട്ടുകര – കോഴിക്കോട് സംസ്ഥാന പാതയിൽ പികെ സ്റ്റീലിനു സമീപം ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. തിരൂരിൽ നിന്നു കണ്ണൂരിലേക്കു ചെങ്കല്ല് കയറ്റാൻ പുറപ്പെട്ട ലോറിയിലാണു കാറിടിച്ചത്. ലോറി ഡ്രൈവർ ഉസ്മാൻകുട്ടിക്കു നിസ്സാര പരുക്കുണ്ട്.
ഫാറൂഖ് കോളജിനു സമീപത്തെ കോട്ടശ്ശാലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു യുവാക്കൾ. നല്ലളം പികെ സ്റ്റീലിനു മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ദിനിലിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കാർ വെട്ടിപ്പൊളിച്ചാണു മറ്റു നാലു പേരെയും പുറത്തെടുത്തത്.
അമ്പാടി കളിപ്പറമ്പിൽ പരേതനായ ഗോപിയുടെ മകനാണ് അജീഷ്. അമ്മ: കമല. സഹോദരങ്ങൾ: ലിനീഷ്, രാജേഷ്, ബിജേഷ്. പാറപ്പുറവൻ പ്രഭുവാണ് ശ്യാംലാലിന്റെ അച്ഛൻ. അമ്മ: വസന്ത. ഭാര്യ: സ്വാതി. സഹോദരങ്ങൾ: പ്രസുലാൽ (കാനഡ), വർഷ. പരേതനായ കളിപ്പറമ്പിൽ നാരായണന്റെ മകനാണു വിമൽകുമാർ. അമ്മ: തങ്ക. സഹോദരങ്ങൾ: വിനയകുമാർ, വിനോദ്, വിജേഷ്. രാമനാട്ടുകര പരിയാപുരത്ത് ദിവാകരന്റെ മകനാണ് ദിനിൽ. അമ്മ: വിനോദിനി, സഹോദരങ്ങൾ: ദിവ്യ, ദിവിൻ.
പഴയ ദേശീയപാതയുടെ ഭാഗമായിരുന്ന ഈ റോഡിൽ ഒരു കാലത്ത് നല്ലളം മോഡേൺ ബസാറിലും അരീക്കാട്ടും അപകടങ്ങൾ തുടർക്കഥയായിരുന്നു. അക്കാലത്ത് ‘ബ്ലാക്ക് സ്പോട്ട്’ ആയി പ്രഖ്യാപിച്ച ഭാഗത്താണ് ഇന്നലെയും അപകടമുണ്ടായത്. വീതി കൂടിയ റോഡിലെ വളവിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത്. കോൺക്രീറ്റ് ഡിവൈഡർ വച്ചാൽ അപകടം കൂടുമെന്ന വിദഗ്ധ നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇവിടെ ഡിവൈഡർ ഉണ്ടായിരുന്നെങ്കിൽ മധ്യവര മറികടന്നുള്ള അപകടങ്ങൾ കുറയ്ക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടകരമായ വളവിന്റെ ഒരു വശത്ത് ടേക്ക് എ ബ്രേക്ക് തുടങ്ങിയതിനെതിരെയും നാട്ടുകാർ പരാതി ഉയർത്തിയിട്ടുണ്ട്.
താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു
ചെറുവണ്ണൂർ ∙ നാലു ജീവനുകൾ പൊലിഞ്ഞ വാഹനാപകടത്തിനു പിന്നാലെ നല്ലളം പികെ സ്റ്റീലിനു സമീപം സംസ്ഥാനപാതയിലെ വളവിൽ താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു. രാവിലെ അപകടസ്ഥലം സന്ദർശിച്ച കമ്മിഷണർ ജി.ജയ്ദേവിന്റെ നിർദേശപ്രകാരമാണ് റോഡിലെ വളവിൽ 7 പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിച്ചത്. പൊലീസും മോട്ടർ വാഹനവകുപ്പും പൊതുമരാമത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഡിസിപി പഥം സിങ്, ഫറോക്ക് എസിപി എ.പ്രേംജിത്ത്, ട്രാഫിക് എസിപി എൻ.ബിജു, ഇൻസ്പെക്ടർമാരായ എസ്.വി.ബിജു, പി.കെ.സുമേഷ്, കെ.അബ്ദുൽ ഹക്കീം എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments